കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായി. തിരച്ചിലിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താന്‍ സര്‍ക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയ്ക്കു പുറമെ ഒരു എയര്‍ലിഫ്റ്റിംഗ് ടീമുള്‍പ്പെടെ ഡിഫെന്‍സിന്റെ വിവിധ സേനകള്‍, പ്രദേശവാസികള്‍ ഇതില്‍ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.
ഇന്നലെ അതിരാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിവും രക്ഷപ്രവര്‍ത്തനങ്ങള്‍ക്കും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, സഹകരണ – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എം.പി, എം. എല്‍. എമാരായ വാഴൂര്‍ സോമന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ജില്ലാ കളക്ടര്‍ പി. കെ ജയശ്രീ, എ.ഡി. എം ജിനു പുന്നൂസ്, തഹസില്‍ദാര്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി. ദുരിത ബാധിതരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ള ക്യാമ്പുകളിലും ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.