വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ടേൺഓവർ ടാക്സ് ഒഴിവാക്കും
സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേൺഓവർ ടാക്സ് ഒഴിവാക്കും. 1963-ലെ കേരള ജനറൽ സെയിൽസ് ടാക്സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് അവരുടെ വെയർഹൗസ് മാർജിൻ ഒരു ശതമാനം വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി.
നിലവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വർദ്ധിക്കും.
ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതു വിൽപന നികുതി നിരക്കിൽ നാല് ശതമാനം വർദ്ധന വരുത്തും. അതിനായി 1963ലെ കേരള പൊതു വിൽപന നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ നിയമസഭയിൽ ബില്ല് അവതരിപ്പിക്കും.
ഗ്യാരണ്ടി അനുവദിക്കും
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കും.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അർഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ / മാർഗനിർദ്ദേശങ്ങൾ പരിഷ്ക്കരിക്കും.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ ഗുണഭോക്താക്കളുടെ പേർക്ക് പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച ഭൂമി വാങ്ങുമ്പോൾ ആധാര രജിസ്ട്രേഷന് ആവശ്യമായ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും.
നിയമനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സണായി ടി. കെ. ജോസിനെയും അംഗമായി ബി. പ്രദീപിനെയും നിയമിക്കും.
സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കും.
വി. തുളസീദാസ് ഐ എ എസിന് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസറായി പുനർ നിയമനം നൽകും. 70 വയസ്സെന്ന ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തി, ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നൽകിയാണ് നിയമനം.
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ പി. ഐ. ഷെയ്ഖ് പരീത് ഐ. എ. എസിന്റെ (റിട്ട) പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും.
പൊലിസ് സ്റ്റേഷനുകൾക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാനും ഫിംഗർപ്രിന്റ് ബ്യൂറോയിക്കായി 1,87,01,820 രൂപയ്ക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകി. അതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി.
എക്സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകി.