തോടനാൽ ഇലവനാൽ തൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം നടന്നത്. അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തിയശേഷം കിണറ്റിൽ ചാടിയതായിരിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.നാലു വർഷം മുൻപായിരുന്നു ദൃശ്യയുടെ വിവാഹം.
സമൂഹമാദ്ധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെ ഭർതൃ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച വീട്ടിൽ പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി പോലീ സ് വ്യക്തമാക്കി. എന്നാല്‍, തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരിച്ചുവന്നത്. ഇതോടെ ഭർതൃവീട്ടുകാർ തന്നെ ദൃശ്യയയുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. യുവതിയുടെ സോഷ്യൽമീഡിയ ഉപയോഗം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് പുലർച്ചെ 1 മണിയോടെയാണ് ഇവർ ഇവിടെ നിന്ന് മടങ്ങിയത്.
ഇതിനിടെ അയൽവാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഭർതൃപിതാവ് അവിടെ പോയി.ഉച്ചയ്‌ക്ക് തിരികെ വന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും സഹോദരൻ മണി ആരോപിച്ചു.