ബെന്നിച്ചൻ തോമസ് മുഖ്യവനം മേധാവി

93
0

ബെന്നിച്ചൻ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി. ഇന്നലെ(25.05.2022) ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം . നിലവിൽ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിച്ച് വരുകയാണ്.1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. തുടർച്ചയായി 34 വർഷക്കാലം വനംവകുപ്പിൽ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാർ എഡിസിഎഫ് ആയി സർവ്വീസിൽ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പിൽ മാങ്കുളം , നിലമ്പൂർ, മൂന്നാർ,കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡിഎഫ്ഓ ആയി സേവനം ചെയ്തു. പിടിപി നഗറിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗം മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ ഡിസിഎഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, തേക്കടി ഇക്കോ ഡെവലപ്മെന്റ് ഓഫീസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിസിഎഫ് , സിസിഎഫ് ഇക്കോ ഡവലപ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ,വർക്കിംഗ് പ്ലാൻ ആന്റ് റിസർച്ച് എന്നിങ്ങനെയും ജോലി നോക്കി. കോട്ടയം പ്രോജക്റ്റ് ടൈഗർ ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ-മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്.
പിസിസിഎഫ് (എഫ്.എൽ.ആർ), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഔദ്യോഗിക രംഗത്ത് ബെന്നിച്ചൻ തോമസ് നടപ്പാക്കിയ പദ്ധതികൾ ഏറെയാണ്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജക്റ്റ്) രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവ്വകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയേൺമെന്റൽ ബയോ കെമിസ്ട്രി എന്ന വിഷയത്തിൽ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ ജോളി ബെന്നിച്ചനും മക്കളായ ബിറ്റോ, ജ്യുവൽ,ദിൽ എന്നിവരുമടങ്ങുന്നതാണ് കുടുംബം.