ബാലരാമപുരം കൈത്തറിയ്ക്ക് കരുത്താകാൻ പ്രവാസികൾ

303
0

കേരളത്തിന്‍റെ നെയ്ത്തു മാഹാത്മ്യം അതിര്‍ത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസിമലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്. ഓണത്തോടെ ബാലരാമപുരം കൈത്തറിയെ വിദേശത്ത് ജനകീയമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി നാളെ വിവിധ പ്രവാസിമലയാളി സംഘടനാ ഭാരവാഹികളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. അമേരിക്കന്‍ മലയാളികളുടെ സഹായത്തോടെയാണ് നെയ്ത്തുഗ്രാമത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്താനുള്ള ശ്രമം നടത്തുന്നത്. ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, വിവിധ ക്രൈസ്തവ സഭകൾ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (cissa ) ആണ് സംഘാടകർ. കോവിഡ് പ്രതിസന്ധിയിലാക്കിയ ബാലരാമപുരത്തെ നെയ്ത്തുകാര്‍ക്ക് വലിയ സാധ്യതയാണ് ഇതിലൂടെ തുറക്കുകയെന്ന് കണക്കുകൂട്ടുന്നു.