ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും മറ്റും വലിയ സാമൂഹ്യമാറ്റത്തിന് ഉഴുതുമറിച്ച കേരളത്തിൽ, ഒരു കൂറ്റൻ ധനാഢ്യന് പിഞ്ചു പെണ്ണിനോടുള്ള കുടുംബപക വീട്ടാൻ ആ പെണ്ണിനെ മഹാനഗരത്തിലെ നടുറോഡിൽ വാഹനത്തിൽ ബന്ദിയാക്കിവെച്ചു വാടക ഗൂണ്ടകളെക്കൊണ്ട് മണിക്കൂറുകളോളം പൈശാചികമായി ബലാല്സംഗം ചെയ്ത് അവന്റെ പെണ്ടാട്ടിയും അവന്റെ കിങ്കരന്മാരും ചേർന്ന് മദ്യസേവയും ബ്ലൂഫിലിം പ്രദർശനവും കണ്ട് അഞ്ചുവർഷമായി ആമോദിക്കുകയാണ്. ആരൊക്കെയാണ് അവന് തുണ? വനിതാ പോലീസ് മേധാവി, വനിതാ ജഡ്ജി, പ്രോസിക്യുഷൻ സാക്ഷികളെ പറ്റെ കൊണ്ടുപോയി കൂറുമാറ്റുന്നതിൽ ബിരുദാനന്തര ബിരുദമുള്ള ഇരുട്ടിന്റെ കറുത്ത കോട്ടിട്ടവർ തിരശ്ശീലയ്ക്ക് പിന്നിൽ നിൽക്കുന്ന രാഷ്ട്രീയ നേതൃത്വവും പിന്നെ പിന്നെ അവസാനം ശശിമാരും. ഇവർക്കാർക്കെങ്കിലുമോ അവരുടെ അന്ത:പുരത്തു കഴിയുന്ന ഏതെങ്കിലും മങ്കയുടെ
ശരീരത്തിലോ മഹാനഗരത്തിൽ ഈ നരാധമന്മാർ ഉടുതുണി പറിച്ചുകളഞ്ഞു ലൈംഗിക ആക്രമണോൽസുകത കാട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഇതാണോ എന്റെ കേരളം? ഇത് ചെകുത്താന്മാരുടെ നാടാണോ? ഈ സംഭവത്തിൽ അധികൃതർ സ്വീകരിച്ച അഞ്ചുവർഷത്തെ കൂട്ടിക്കൊടുപ്പു നയമല്ലേ ഇത്രയേറെ അതിക്രമങ്ങൾ ഈ നാട്ടിൽ പെരുകാൻ കാരണം? ബലാൽസംഗം കാണുമ്പോൾ അതിന്റെ വീര്യം കണ്ടു നിയമത്തിന്റെ വഴി മറന്നുപോകുന്ന ജഡ്ജിമാർ ഉണ്ടെന്നാണോ? എന്തൊരു ധൈര്യം? മുഖ്യമന്ത്രി അങ്ങ് എന്റെ കേരളത്തിൽ, 34 വർഷം ഇവിടെ ഭരിക്കണമെന്നില്ല. 34 ദിവസം പോലും ഭരിക്കണമെന്നില്ല. മൂന്ന് ദിവസം ഭരിച്ചാലും മതി.മൂന്ന് മണിക്കൂറായാലും മതി മുഖ്യമന്ത്രീ . അത് കമ്മ്യുണിസ്റ്റുകാരുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു വേണം. സഹസ്ര കോടീശ്വരനായ ഒരു രാക്ഷസ രാജാവ് അവന് പകയും വൈരാഗ്യവും തോന്നിയ ഒരു യുവതിയെ വാഹനത്തിൽ ബന്ദിയാക്കി വെപ്പിച്ചു കാട്ടാളന്മാരെക്കൊണ്ട് പിച്ചിച്ചീന്തുമ്പോൾ മൗനിയാകരുതു മുഖ്യമന്ത്രി. അങ്ങ് ഇതൊന്നും ഏതെങ്കിലും ശശിമാരുടെ സമ്മർദ്ദം കൊണ്ട് തേച്ചുമാച്ചു കളയരുത്. കേരളം പൊറുക്കില്ല. സ്ത്രീസമൂഹം പൊറുക്കില്ല. മുഖ്യമന്ത്രിയുടെ കുടുംബം പോലും. ഇനി ഒരു ‘ധർമ്മപുരാണം ‘ നമുക്ക് വേണ്ട