പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് 2021 സെപ്റ്റംബർ 6 ന് രാഷ്‌ട്രപതി ഇന്ത്യൻ നേവൽ ഏവിയേഷന് സമ്മാനിക്കും

134
0

2021 സെപ്റ്റംബർ 6 ന് ഗോവ തീരത്ത് ഐഎൻഎസ് ഹൻസയിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഇന്ത്യൻ നേവൽ ഏവിയേഷന് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്‌ട്രപതിശ്രീ രാംനാഥ് കോവിന്ദ് സമ്മാനിക്കും. ദേശീയ പ്രാധാന്യമുള്ള ഈ പരിപാടിയോടനുബന്ധിച്ച് തപാൽ വകുപ്പ് ഈ പ്രത്യേക ദിനം അനുസ്മരിക്കുന്ന തപാൽ കവർ (Special Day Cover) പ്രകാശനം ചെയ്യും. മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്.

1951 മേയ് 27 ന് ഡോ.രാജേന്ദ്രപ്രസാദ് രാഷ്ട്രപതി പദത്തിലിരിക്കുമ്പോൾ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് സമ്മാനിക്കപ്പെട്ട ഇന്ത്യൻ നേവിയായിരുന്നു ഇന്ത്യൻ സായുധ സേനകളിൽ ആദ്യമായി ഈ ബഹുമതിക്കർഹമായത്.

1951 ജനുവരി 13 -ന് ആദ്യത്തെ സീലാന്റ് വിമാനം നാവിക സേനയുടെ ഭാഗമാവുകയും 1953 മേയ് 11 -ന് ആദ്യ നാവിക വ്യോമ താവളമായി (Naval Air Station) ഐഎൻഎസ് ഗരുഡ കമ്മീഷൻ ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യൻ നേവൽ ഏവിയേഷൻ വിഭാഗം നിലവിൽ വന്നത്.നേവൽ ഏവിയേഷൻ അതിന്റെ ആസ്തികൾ ക്രമാനുഗതമായി വിപുലീകരിച്ച് പ്രബലമായ ഇന്ത്യൻ നാവികസേനയുടെ അവിഭാജ്യ ഘടകമായി മാറി.

1957 ൽ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ‌എൻ‌എസ് വിക്രാന്ത് നാവികസേനയുടെ ഭാഗമായതോടെ ഇന്ത്യൻ നേവൽ ഏവിയേഷൻ ലോക ശ്രദ്ധയിയാകർഷിച്ചു.1971-ലെ ഇന്തോ-പാക് യുദ്ധത്തിലും 1961-ലെ ഗോവ വിമോചനത്തിലും ഐഎൻഎസ് വിക്രാന്ത് നിർണ്ണായക പങ്കുവഹിച്ചു.

1980 കളുടെ മദ്ധ്യത്തിൽ ഐഎൻഎസ് വിരാടിന്റെയും സീ ഹാരിയേഴ്സ്സിന്റെയും ഐതിഹാസികമായ വരവോടെ നാവികസേനയുടെ വാഹക (Carrier) പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ ഐഎൻഎസ് വിക്രമാദിത്യയിൽ മിഗ് 29 കെ വിമാനങ്ങൾ ഉൾപ്പെടുത്തിയതോടെ ഈ മേഖലയിൽ ഗണനീയമായ ശക്തിയായി രാജ്യം മാറി. തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ, ഐ‌എൻ‌എസ് വിക്രാന്തിന്റെ പുതിയ പതിപ്പ് ഈ മാസം ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നതോടെ വാഹക ശേഷി വീണ്ടും വർദ്ധിക്കും.

ഇന്ന്, ഇന്ത്യൻ തീരദേശത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമായി ഒൻപത് എയർ സ്റ്റേഷനുകളും മൂന്ന് നേവൽ എയർ എൻക്ലേവുകളും 250 ലധികം വിമാനങ്ങളും ഉള്ള ബൃഹത്തായ സംവിധാനമാണ് ഇന്ത്യൻ നേവൽ ഏവിയേഷൻ.

ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി മാനുഷിക സഹായവും ദുരന്തനിവാരണവും ഉൾപ്പെടെയുള്ള (Humanitarian Assistance and Disaster Relief- HADR) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പുറമേ IOR ( Indian Ocean Rim Association) രാജ്യങ്ങൾക്ക് സഹായമെത്തിക്കുന്ന നിരവധി ദൗത്യങ്ങളിലും ഇന്ത്യൻ നേവൽ ഏവിയേഷൻ വ്യതിരിക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

സേനയുടെ പോരാട്ട വിഭാഗത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തുന്നതിലും ഇന്ത്യൻ നേവൽ ഏവിയേഷൻ മുൻപന്തിയിലാണ്. വർഷങ്ങളായി തുടരുന്ന നിസ്വാർത്ഥ സേവനത്തിനിടയിൽ ഒരു മഹാവീർ ചക്ര, ആറ് വീർ ചക്രകൾ, ഒരു കീർത്തിചക്ര, ഏഴ് ശൗര്യചക്ര, ഒരു യുദ്ധസേവാ മെഡൽ, ഒട്ടേറെ നാവിക സേന മെഡലുകൾ എന്നിവയാൽ നേവൽ ഏവിയേഷൻ വിഭാഗത്തിലെ സൈനികർ ബഹുമാനിതരായിട്ടുണ്ട്.