പ്രശനം നയമില്ലായ്മയുടേതാണ്.

181
0

ഇത്രയും കാലം നൂറു കണക്കിന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടും, സ്വർണപലിശ കമ്പനിക്ക് പരസ്യം പറഞ്ഞിട്ടും കയ്യിൽ കാൽ കാശില്ലെങ്കിൽ അതവരുടെ വ്യക്തിപരമായ കാര്യം. ഒരു കോടി രൂപയുടെ കാറ് ആശിച്ചു വാങ്ങിയതാണ് എന്ന് പറഞ്ഞു പെട്രോൾ സമരത്തിനെതിരെ ആക്രോശിച്ച നടനും നാളെ കയ്യിൽ നയാപൈസയില്ല എന്ന് പറഞ്ഞു സർക്കാരിനെ സമീപിച്ചേക്കാം, അവരുടെ ആളാണെന്നു തോന്നിയാൽ സർക്കാർ പണവും നൽകിയേക്കാം.

സാർവത്രിക ആരോഗ്യസംവിധാനം – എല്ലാവർക്കും ചികിത്സ – എന്നതാവണം ഒരു ഇടതു സർക്കാരിന്റെ അല്ലെങ്കിൽ ജനോപകാര സർക്കാരിന്റെ നയം. അതുണ്ടെങ്കിൽ നടിയ്ക്ക് മാത്രമല്ല എല്ലാവര്ക്കും ഒരേ ചികിത്സ കിട്ടും. ആർക്കും പരാതിയില്ല. യൂറോപ്യൻ രാജ്യങ്ങളിലും, കാനഡ, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലും ആ നയമുണ്ട്. അവിടെ ഇത്തരം പ്രശ്നങ്ങളില്ല. കമ്മ്യൂണിസ്റ്റുകളല്ല, ക്യാപിറ്റലിസ്റ്റുകളെന്നു വിളിക്കുകയും ചെയ്യാം. ഈ നയത്തിൽ തന്നെ സ്വന്തം കഴിവിനനുസരിച്ച് പരിധികളും നിശ്ചയിക്കാം. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ പ്രശസ്തമായ NHS-ൽ ലക്ഷക്കണക്കിന് രൂപ മാസ ചെലവ് വരുന്ന രോഗങ്ങൾക്ക് പോലും സൗജന്യ ചികിത്സയാണ്, തായ്‌ലൻഡിൽ ജീവിതാവസാനം വരെ വേണ്ട ഡയാലിസിസ്, എയ്ഡ്സ് ചികിത്സ തുടങ്ങിയവയൊക്കെ സൗജന്യമാണെങ്കിലും, മൊത്തത്തിൽ എത്ര രൂപ വരെ ചിലവഴിക്കാം എന്ന ഒരു പരിധിയുണ്ട്. കരൾ മാറ്റി വയ്ക്കൽ അതിൽ പെടില്ല. ലോകത്തെ ഏറ്റവും നല്ല സാർവത്രിക ചികിത്സാ സമ്പ്രദായമുള്ള ഒരു രാജ്യമാണ് ധനികമല്ലാത്ത തായ്‌ലൻഡ് എന്നോർക്കുക.

ഇനി, ഇതിനകത്ത് പക്ഷാഭേദത്തിന് യാതൊരു സ്‌കോപ്പുമില്ല. എല്ലാവര്ക്കും ഒരേ ചികിത്സ, ഒരേ സൗകര്യങ്ങൾ. നടിമാർക്കോ, പാർട്ടിക്കാർക്കോ VIP പരിഗണന ഇല്ല. Covid വന്ന് മൃതപ്രായനായ പ്രശസ്ത ലോകാരോഗ്യ വിദഗ്ദ്ധൻ ഡോക്ടർ പീറ്റർ പയട്ട് NHS-ലെ തന്റെ ചികിത്സയ്ക്കിടെ ഒരു സ്പെഷ്യൽ റൂം ചോദിച്ചപ്പോൾ ആവില്ല എന്നും, പക്ഷെ ഏറ്റവും നല്ല ചികിത്സ നിങ്ങൾക്ക് കിട്ടും എന്നും അധികാരികൾ പറഞ്ഞതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. എബോള വൈറസ് കണ്ടു പിടിച്ച, ജീവിതം മുഴുവൻ ദരിദ്ര രാജ്യങ്ങളിലും പൊതു ജനാരോഗ്യത്തിനും വേണ്ടി ചിലവഴിച്ച, ഇപ്പോൾ ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ മേധാവിയായ, 70 കഴിഞ്ഞ മനുഷ്യനാണെന്നോർക്കണം.

എല്ലാ പേർക്കും അദ്ദേഹത്തിന് കിട്ടിയ ചികിത്സ ഉറപ്പാക്കുന്നതാണ് സമത്വത്തിൽ വിശ്വസിക്കുന്നവരുടെ നയം. അധരവ്യായാമവും, സൈബർ പോരും നയമാവില്ല.

നമ്മൾ അധാനിച്ച്, ഓരോ രൂപയായി നികുതി കൊടുക്കുന്ന പണം വാരിക്കോരി സ്വന്തം ഇഷ്ടക്കാർക്ക് മാത്രം ഒരു മാനദണ്ഡവും ഇല്ലാതെ കൊടുക്കുന്നതും ഒരു തരത്തിൽ നയം തന്നെ – ജനവിരുദ്ധ നയം. ഖാപ് പഞ്ചായത്തുകളിലെ നീതിബോധം. എല്ലാവര്ക്കും കിട്ടുമോ ഈ സൗജന്യം?

ഇത്തരം നടപടികൾ ആരോഗ്യ രംഗത്തെക്കുറിച്ചു ധാരാളം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. അത്തരം ചർച്ചകളുണ്ടാവാതിരിക്കാനാണ് കോവിഡിനെക്കുറിച്ചും മറ്റും ജയഭേരികൾ നിരന്തരം പ്രൊപ്പഗാൻഡിസ്റ്റുകൾ അഴിച്ചു വിടുന്നത്. കരൾ മാറ്റി വയ്ക്കൽ ഇത്രയും വ്യാപകമായി നടക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ? ഇവരൊക്കെ എത്ര വര്ഷം ജീവിക്കുന്നു എന്നറിയാമോ. ഇതിനുള്ള തുടർ ചിലവുകൾ?

NSSO കണക്ക് പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതൽ നാൾ ആൾക്കാർ ആശുപത്രികളിൽ, അതും സ്വകാര്യ ആശുപത്രികളിൽ, കിടക്കാറുള്ളത്; കേരളത്തിലാണ് ഏറ്റവും കൂടുതൽ സ്വന്തം പണം ചെലവ് ചെയ്ത് ചികിത്സ തേടുന്നത്; കേരളത്തിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ ചികിത്സ ചെയ്തു ദരിദ്രരായി പോകുന്നത് എന്നതൊക്കെ എന്ത് കൊണ്ട് എന്നാണ് ചർച്ച ചെയ്യേണ്ടത്. കേരളം നമ്പർ ഒൺ തന്നെ!

മനസ്സിലാവുമെങ്കിൽ കേരളത്തിലെ പരാദ ബുദ്ധിജീവികൾ വായിക്കേണ്ടത് പന്ത്രണ്ടാം പ്ലാനിംഗ് കമ്മീഷന്റെ ഒരു HLEG മൻമോഹൻ സിങിന്റെ കാലത്തു സാർവത്രിക ആരോഗ്യത്തെക്കുറിച്ചു തയ്യാറിക്കിയ റിപ്പോർട്ട് ആണ്. ഒരു പക്ഷെ UPA 2014-ൽ വീണ്ടും തിരിച്ചു വന്നിരുന്നുവെങ്കിൽ അത് നടപ്പിലാക്കപ്പെടുമായിരുന്നു. മന്ത്രി പോയി പഠിക്കേണ്ടത് തായ്‌ലണ്ടിലാണ്.