പ്രളയ തയ്യാറെടുപ്പിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ടേബിൾ ടോപ്പ് എക്സർസൈസ് സംഘടിപ്പിക്കുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന, കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷൻ, സംസ്ഥാനത്തെ മറ്റ് വകുപ്പുകൾ എന്നിവർ പങ്കാളികളാവുന്ന ടേബിൾ ടോപ്പ് എക്സർസൈസ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാൻ ബഹു. റെവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഉദ്‌ഘാടനം ചെയ്യും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ഒരു സാങ്കല്പിക ദുരന്ത സാഹചര്യത്തിൽ പ്രസ്തുത വകുപ്പുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് നിരീക്ഷിക്കുകയുമാണ് ടേബിൾ ടോപ്പിലൂടെ പരിശോധിക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങളാണ് സംസ്ഥാനത്തിൻറെയും ജില്ലകളുടേയും പ്രവർത്തനങ്ങളെ വിലയിരുത്തുക. ഒരു ദുരന്ത സാഹചര്യത്തിനോട് പ്രതികരിക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം രൂപീകരിച്ചിട്ടുണ്ട്. അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള പരിശോധനയും ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിലെ ഓരോ അംഗത്തിനും അവരുടെ ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്നുണ്ടോ എന്നും വിലയിരുത്താൻ ഇതുവഴി സാധിക്കും.
2022 മാർച്ച് 10 ന് നടക്കുന്ന പരിപാടിയുടെ ഏകോപനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ വെച്ചായിരിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ഓൺലൈനായി പങ്കാളികളാകും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലെഫ്റ്റ്.ജനറൽ സയിദ് അട്ട ഹസ്സൈൻ മേൽനോട്ടം വഹിക്കുന്ന പരിപാടിക്ക് റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, സ്റ്റേറ്റ് റിലീഫ് കമ്മീഷണറുമായ ഡോ.എ.ജയതിലക് ഐ.എ.എസ് നേതൃത്വം നൽകും.