പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷ വാദം പൂര്‍ണ്ണമായും ശരിവെയ്ക്കുന്നത്

146
0

483 പേരുടെ മരണത്തിനും നാശത്തിനും മുഖ്യമന്ത്രി മറുപടി പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ അടിത്തറ ഇളക്കിയ 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന  പ്രതിപക്ഷ ആരോപണം പൂര്‍ണ്ണമായും ശരിവയ്ക്കുന്നുതാണ് സിഎജി റിപ്പോര്‍ട്ടെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
 
ഈ പ്രളയത്തിന് ഉത്തരവാദി സര്‍ക്കാരാണ്.  483 പേരുടെ മരണത്തിനും സംസ്ഥാനത്തുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കും  മുഖ്യമന്ത്രി മറുപടി പറയണം. സര്‍ക്കാരിന്റെ കഴിവ്കേടും ജാഗ്രതക്കുറവും കാരണമാണ് ഈ ദുരന്തമുണ്ടായത്. ഇക്കാര്യം നേരത്തെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുo കണ്ടെത്തിയിരുന്നു. കനത്ത മഴ വരികയാണെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു. മുന്നറിയിപ്പ് നല്‍കാതെയും മുന്‍കരുതലുകള്‍ എടുക്കാതെയും  ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സി എ ജി റിപ്പോര്‍ട്ടും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും പ്രതിപക്ഷവാദം പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ്. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍  നിര്‍ദ്ദേശിച്ച മുന്‍കരുതലുകളൊന്നും എടുത്തില്ല. ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍  പ്രഖ്യാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചില്ല. കുറ്റകരമായ വീഴ്ചയാണ് ഡാം മാനേജ്മെന്റ് കാര്യത്തില്‍ സര്‍ക്കാരിനുണ്ടായത്.  സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ് ഈ പ്രളയം സംഭവിച്ചതെന്ന് സര്‍ക്കാരിനും ബോദ്ധ്യമുള്ളതിനാലാണ് ഇത്രയും വിലയ ദുരന്തമുണ്ടായിട്ടും ഒരു അന്വേഷണം പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. സത്യം പുറത്തു വരുമെന്ന ഭയമാണ് സര്‍ക്കാരിന്.  പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന് 22-08-2018 താന്‍ ആദ്യം പറഞ്ഞപ്പോള്‍ തന്നെ അപഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പക്ഷേ സത്യത്തെ മൂടി വയ്ക്കാന്‍ അത് കൊണ്ടൊന്നും കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നതോട് കൂടി 483പേരുടെ മരണത്തിനും നാശത്തിനും സര്‍ക്കാരും മുഖ്യമന്ത്രിയുമാണു ഉത്തവരവാദിയെന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു.