പ്രതിഭാധനനായ ഡോ.എം.എ.കരീം.

347
0


ഉത്തമ ഗ്രന്ഥരചനയിലൂടെ മലയാള സാഹിത്യത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിയ അക്ഷരശില്‍പി
ഡോ.എം.എ.കരീമുമായ അജിത്പനവിള നടത്തിയ അഭിമുഖം

എസ്.എല്‍.സി പാസ്സായി ഒരു സര്‍ക്കാര്‍ ഉദ്യോഗം കരസ്ഥമാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. M.A, PhD, PG Diploma in Russian, German, Tamil and English for Communication എന്നിങ്ങനെ ഉന്നത ബിരുദങ്ങള്‍ നേടി വിദ്യാഭ്യാസ രംഗത്ത് മാതൃകയായ ഡോ.എം.എ.കരീം പ്രതികരിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ നേമത്തിനും പാപ്പനംകോടിനും ഇടക്ക് പഴയ കാരക്കാമണ്ഡപം എന്ന സ്ഥലത്ത് പളളി ഇമാമായിരുന്ന മുഹമ്മദ് ഹനീഫയുടേയും മറിയംബീവിയുടേയും പതിനൊന്നാമത്തെ മകനായി ജനിച്ച എം.അബ്ദുല്‍കരീമാണ് ഇന്ന് പ്രശസ്തനായ ഡോ.എം.എ.കരീം.
അജിത്:- ബാല്യകാലത്തെ അനുഭവങ്ങള്‍ വിവരിക്കാമോ?
ഡോ..കരീം.:- ഒന്നരവയസ്സുളളപ്പോള്‍ ഉമ്മ മരിച്ചു. തുടര്‍ന്ന് പിതാവ് രണ്ടാംവിവാഹം കഴിച്ച് അവരോടൊപ്പം കൂടി. ഞാന്‍ അനാഥനാകുമെന്ന സ്ഥിതിയായി. മരണത്തിനുമുമ്പ് ഇക്കാര്യം അറിയാമായിരുന്ന ഉമ്മ എന്റെ കാര്യമോര്‍ത്തു വിഷമിച്ചിരുന്നു. എന്നാല്‍ എന്റെ രണ്ടാമത്തെ ജേഷ്ഠന്‍ സൈനുല്ലാബ്ദീന്‍ എന്നെ സംരക്ഷിച്ചുകൊളളാമെന്ന് ഉമ്മയ്ക്ക് ഉറപ്പുകൊടുത്തിരുന്നു. കാര്യങ്ങള്‍ അതുപോലെ തന്നെ നടന്നു. അദ്ദേഹം പാപ്പനംകോട് ചന്തക്കു സമീപം ഒരു മുറുക്കാന്‍കട നടത്തിയിരുന്നു. എന്നെ നോക്കാന്‍ വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ രാവിലെ ജേഷ്ഠന്‍ എന്നെക്കൂടി കടയിലേക്കു കൊണ്ടുപോകും.രാത്രിയാകുമ്പോള്‍ വീട്ടില്‍ കൊണ്ടുവരും. കടയില്‍ വരുന്നവരോട് ഇണങ്ങിയും
പിണങ്ങിയുമാണ് കടയില്‍ കഴിഞ്ഞിരുന്നത്.
വിദ്യാഭ്യാസത്തെക്കുറിച്ച് വിശദീകരിക്കാമോ?
അന്ന് വിദ്യാഭ്യാസത്തിനൊന്നും വലിയ പ്രാധാന്യം കൊടുക്കാത്ത കാലമായിരുന്നു.അഞ്ചുവയസ്സുകഴിഞ്ഞപ്പോള്‍ കട ഉടമസ്ഥനായ കുട്ടന്‍പിളള എന്നറിയപ്പെടുന്ന രാമകൃഷ്ണന്‍ നായര്‍ തന്റെ മക്കളെ സ്‌ക്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുകയാണെന്നും തന്നോടൊപ്പം കുട്ടിയേയും കൊണ്ടുവന്നാല്‍ സ്‌ക്കൂളില്‍ ചേര്‍ക്കാമെന്നും ജേഷ്ഠനോട് പറഞ്ഞു. അതനുസരിച്ച് അദ്ദേഹം എന്നെ പാപ്പനംകോട് എല്‍.പി.സ്‌കൂളില്‍ ചേര്‍ത്തു. അങ്ങനെയാണ് ഞാന്‍ പാപ്പനംകോട് എല്‍.പി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിയായത്.
പാപ്പനംകോട് എല്‍.പി സ്‌ക്കൂളിലെ കാര്യങ്ങള്‍ ഓര്‍മ്മയിലുളളത് വായന ക്കാര്‍ക്ക് വേണ്ടി പങ്കിടാമോ?
അന്ന് സ്‌ക്കൂളിന് ഇന്നത്തെപോലെ നല്ല കെട്ടിടങ്ങളൊന്നുമുള്ള കാലമല്ലായിരുന്നു. പക്ഷേ പഠനത്തില്‍ അതൊരു കുറവായിരുന്നില്ല. പഠിത്തത്തില്‍ ഞാന്‍ മിടുക്കനായിരുന്നു. ഭാഷയും കണക്കുമായിരുന്നു വിഷയം. സ്ലേറ്റിലായിരുന്നു പ രീക്ഷ. ഭാഷയ്ക്ക് 95 മാര്‍ക്കും കണക്കിന് 100 മാര്‍ക്കും കിട്ടുമായിരുന്നു. ഓരോരുത്തര്‍ക്കും കിട്ടിയ മാര്‍ക്കറിയാന്‍ മറ്റുകുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ വെളിയില്‍ കാത്തുനില്‍ക്കുമായിരുന്നു.
കടയിലെ ജീവിതം എങ്ങനെയായിരുന്നു?
സ്‌ക്കൂള്‍വിട്ടാല്‍ കട. സ്‌ക്കൂളില്‍ നിന്നുവന്നാല്‍ കട പൂട്ടുന്നതുവരെ കടയില്‍ വാസം. കട പൂട്ടിയാല്‍ വീട്ടിലേക്ക് ഇതായിരുന്നു സ്ഥിതി. ആദ്യകാലത്ത് സഹോദരനോടൊപ്പം കടയില്‍ എത്തിയ ഞാന്‍ പിന്നീട് എന്നും രാവിലെ കടതുറക്കുന്ന ജോലി ഏറ്റെടുത്തു. കട തുറന്ന് എല്ലാം ശരിയാക്കി വയ്ക്കുമ്പോള്‍ സഹോദരന്‍ കടയിലെത്തും.
തുടര്‍ന്നുളള വിദ്യാഭ്യാസം എവിടെയായിരുന്നു?
പ്രൈമറി വിദ്യാഭ്യാസം അന്ന് അഞ്ചാംക്ലാസില്‍ അവസാനിക്കും. തുടര്‍ന്ന് പഠിക്കാന്‍ അടുത്തുളള നേമത്ത് മിഡില്‍ സ്‌ക്കൂളും ഹൈസ്‌ക്കൂളുമാണ്. അവിടെ ചേര്‍ന്നു. അപ്പോഴും രാവിലെ കടതുറക്കുന്നത് ഞാന്‍ തന്നെയായിരുന്നു. അതിരാവിലെ എണീറ്റ് നടന്ന് പാപ്പനംകോട്ടെത്തും. കടതുറക്കും, സഹോദരന്‍ വന്നെത്തിയാലുടന്‍ തോര്‍ത്തും സോപ്പുമെടുത്ത് തലയില്‍ എണ്ണതേച്ച് അടുത്ത ആറ്റില്‍ പാറക്കടവില്‍ കുളിക്കാന്‍ പോകും. കുളിച്ചുവന്നെത്തിയാലുടന്‍ അടുത്തുളള ബാലന്‍പിളളയുടെ ചായക്കടയില്‍ നിന്നും കാപ്പിയും കുടിച്ച് പുസ്തകങ്ങളുമെടുത്ത് നേമത്തെ സ്‌ക്കൂളിലേക്ക് പോകും. കാല്‍നടയാത്രയാണ്. സ്‌ക്കൂള്‍വിട്ടാല്‍ നേരെ കടയിലേക്കോടും. നടത്തമല്ല ഓട്ടംതന്നെയാണ്. നേമം സ്‌ക്കൂളില്‍ നിന്ന്എസ്.എസ്.എല്‍.സി പരീക്ഷ നല്ലമാര്‍ക്കോടെ പാസ്സായി, അതുവരെയുളള പഠിത്തമായിരുന്നല്ലോ എന്റെ പ്രതീക്ഷ.
തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞോ?
നല്ല മാര്‍ക്കുവാങ്ങി ജയിച്ച കുട്ടി വീണ്ടും പഠിക്കണമെന്ന് കടയില്‍ വന്നവരൊക്കെ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ആ ര്‍ട്‌സ് കോളേജില്‍ പ്രീയൂണിവേര്‍സിറ്റിക്ക് ചേര്‍ന്നത്. അതുകഴി ഞ്ഞ് ബി.എക്ക് യൂണിവേഴ്‌സിറ്റിക്കോളേജില്‍. ബി.എയ്ക്ക് ക്ലാ സ്സോടെ വിജയിച്ചപ്പോള്‍ എം.എ ക്കും അഡ്മിഷന്‍ എളുപ്പമായി. എം.എ ക്ലാസ്സോടെ പാസ്സായി. എം.എ പഠനം പൂര്‍ത്തിയാക്കി ജോലിക്കുവേണ്ടി ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാരനായ ഡോ.വെളളായണി അര്‍ജ്ജുനന്‍ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. അദ്ദേഹം യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ഗൈഡും ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിലെ ഗവേഷണ വി ദ്യാര്‍ത്ഥിയായി. ‘പ്രേംചന്ദും തകഴിയും ഒരു താരതമ്യപഠനം’ എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് എനിക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
ഔദ്യോഗിക ജീവിതത്തെക്കുറിച്ച് വിശദീകരിക്കാമോ?
ഡോ.വെളളായണി അര്‍ജ്ജുനന്‍ സാറിന്റെ ശിക്ഷണത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കോഴിക്കോട് ആര്‍ട്ട്‌സ് കോളേജില്‍ ലക്ച്ചററായി നിയമനം കിട്ടിയത്. ഒരു അക്കാഡമിക് വര്‍ഷം അവിടെ ലക്ചററായി സേവനം അനുഷ്ഠിക്കാനുളള ഭാഗ്യം ലഭിച്ചു. തുടര്‍ന്ന് നാട്ടില്‍ വന്ന് ഗവേഷണത്തില്‍ പൂര്‍ണ്ണമായി മുഴുകി. ആ സമയത്താണ് കേരള സര്‍വ്വകലാശാലയില്‍ പബ്ലിക്കേഷന്‍ ഓഫീസറായി നിയമനം ലഭിച്ചത്. തുടര്‍ന്ന് അവിടെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറായും അഡീഷണല്‍ ഡയറക്ടറായും തുടരേണ്ടിവന്നു. യൂണിവേഴ്‌സിറ്റിയില്‍ 26 വര്‍ഷം സേവനം അനുഷ്ഠിച്ചു. ഇതിനിടയില്‍ യൂണിവേഴിസിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യവട്ടത്ത് സര്‍വ്വകലാശാല ഹിന്ദിവിഭാഗത്തിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് എഡ്യൂക്കേഷനിലും എം.എ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുളള ഭാഗ്യം ലഭിച്ചു.
ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാനിടയായത് എങ്ങനെയാണ്?
കേരള സര്‍വ്വകലാശാലയില്‍ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ഉദ്ദ്യോഗസ്ഥനായിരുന്നപ്പോള്‍ റിട്ടയര്‍ ചെയ്യേണ്ടത് അറുപതാമത്തെ വയസ്സിലായിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനമനുസരിച്ച് പെന്‍ഷന്‍ പ്രായം 55 ആക്കിയപ്പോള്‍ പിരിഞ്ഞു പോകേണ്ടിവന്നു.
അതിനുശേഷമുളള സ്ഥിതിയെക്കുറിച്ച് വിശദീകരിക്കാമോ?
കേരള സര്‍വ്വകലാശാലയില്‍ നിന്നും നിനച്ചിരിക്കാതെ പിരിയേണ്ടിവന്നപ്പോള്‍ അതൊരു ദുഃഖകരമായ സ്ഥിതിയായിരുന്നു. എന്നാല്‍ എനിക്കത് ഭാഗ്യമായി മാറി. കേരള സര്‍ക്കാര്‍ എന്നെ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡില്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. തികച്ചും അനുയോജ്യമായ ഉദ്യോഗമായിരുന്നു അത്. കേരളത്തിലെ എല്ലാ സ്‌ക്കൂളുകളും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി ഇടപഴകാനുളള അവസരം ഉണ്ടായി. സ്റ്റേറ്റ് സെക്രട്ടറിയായി ജോലി അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സ്റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ ഡയറക്ടറും മെമ്പര്‍ സെക്രട്ടറിയുമായി നിയമിച്ചത്. 60-ാം വയസ്സിലാണ് അവിടെ നിന്നും പിരിഞ്ഞത്.
സാഹിത്യജീവിതത്തിലേക്ക് ഒന്നുവെളിച്ചം വീശാമോ?
കുട്ടിക്കാലത്തുതന്നെ വായന എന്റെ ഹോബിയായിരുന്നു. വായനയോട് പ്രിയമുളള ഒരാള്‍ക്ക് എഴുതണമെന്ന് മോഹമുണ്ടാവുക സ്വാഭാവികം. കൈയ്യില്‍കിട്ടുന്നതെന്തും വായിക്കുമായിരുന്നു.മുട്ടത്തുവര്‍ക്കിയും, കാനം ഈ.ജെയും മലയാള മനോരമയില്‍ എഴുതുന്ന നോവലുകള്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു. എനിക്കും എഴുതിയാലെന്തെന്ന തോന്നല്‍ രൂക്ഷമായപ്പോള്‍ ചെറുകഥകള്‍ എഴുതി പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചെങ്കിലും പ്രസിദ്ധീകരിച്ചു കണ്ടില്ല. ഒരിക്കല്‍ കുട്ടികള്‍ക്കുവേണ്ടി ഒരു കഥയെഴുതി ബാലരമക്ക് അയച്ചുകൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ‘ബാലരമ’എന്റെ അഡ്രസ്സില്‍ വന്നു. തുറന്നു നോക്കിയപ്പോള്‍ ‘വടിമുറിച്ച കളളന്‍” എന്ന കഥ അച്ചടിച്ചുവ ന്നിരിക്കുന്നു. കൂടെ ഒരു കവറില്‍ 25/-രൂപയുടെ ചെക്കും ഉണ്ട്. അന്ന് 25/-രൂപ നല്ല പ്രതിഫലമായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ദീപിക, ലാലുലീല, മലര്‍വാടി എന്നിവയില്‍ നിരന്തരം എഴുതി. ആ കഥകളെല്ലാം സമാഹരിച്ചതാണ്’കുട്ടികളുടെ പഞ്ചാമൃ തം’എന്ന പുസ്തകം. 2010-ല്‍ ഇതിന് ആദ്യമായി അവാര്‍ഡ് കിട്ടുന്നത് സാഹിത്യ കേരളം അവാര്‍ഡാണ്. തുടര്‍ന്ന് S B T അവാര്‍ഡ്. പാലാ K.M.മാത്യു അവാര്‍ഡ് എന്നിവ ലഭിക്കുകയുണ്ടായി. ബാലസാഹിത്യത്തില്‍ 12 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാലസാഹിത്യത്തില്‍ അല്ലാതെ മറ്റു മേഖലകളിലും ഗ്രന്ഥം രചിച്ചിട്ടുണ്ടല്ലോ, അതിനെക്കുറിച്ച് വിശദീകരിക്കാമോ?
ഗവേഷണ പ്രധാനമായ എന്റെ ആദ്യ പുസ്തകം ഗവേഷണ വേദിയാ ണ്. കറന്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 6/- രൂപയായിരുന്നു. ഇന്ന് 100/- രൂപയെങ്കിലും വിലയിടേണ്ടിവരും’പ്രേംചന്ദും തകഴിയും’ PhD ബിരുദം ലഭിച്ച ഗ്രന്ഥമാണ്. ഹിന്ദിയിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവചരിത്ര ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. നൂറനാടിന്റെ കഥാകാരന്‍, നൂറനാട് ഹനീഫിന്റെ ജീവിതവും കൃതികളും പഠനവിധേയമാക്കിയതാണീഗ്രന്ഥം. പാണക്കാട്ടെ പച്ചത്തുരുത്ത് പാണക്കാട്ടെ ശിഹാബ് തങ്ങളെക്കുറിച്ചുളളതാണ്.പണിക്കര്‍… G.Nപണിക്കര്‍’എന്ന ജീവചരിത്ര ഗ്രന്ഥത്തിന് P.K.പരമേശ്വരന്‍നായര്‍ സ്മാരകട്രസ്റ്റിന്റെ ഏറ്റവും നല്ല ജീവചരിത്ര ഗ്രന്ഥത്തിനുളള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. M.Pഅപ്പന്റെ കഥ, ചെമ്മനം അക്ഷരപ്പോരാളി, സാധനയിലൂടെ സാഫല്യം (ഡോ.വെളളായണി അര്‍ജ്ജുനന്റെജീവചരിത്രം) എന്നിവയും ജീവചരിത്ര ഗ്രന്ഥശാഖയിലുള്‍പ്പെടുന്നു. മുപ്പത്തഞ്ചോളം ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു.വിദ്യാഭ്യാസ രംഗത്ത് ഉന്നത ബിരുതങ്ങള്‍ നേടി സാഹിത്യരംഗത്ത് ഉത്തമമായ ഗ്രന്ഥരചനയിലൂടെ സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ, അധ്യാപന രംഗത്ത് കുട്ടികളുടെ പ്രിയങ്കരനായ, സാഹിത്യ സാം സ്‌ക്കാരിക രംഗങ്ങളില്‍ പ്രശസ്തമായ രീതികളില്‍ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഡോ.എം.എ.കരീം ഔദ്യോഗിക രംഗങ്ങളില്‍ നിന്നും വിടവാങ്ങി ജീവിതത്തില്‍ കിട്ടിയ ഔന്നത്യങ്ങള്‍ കഠിനമായ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണെന്ന് മനസ്സിലാക്കി വിനായാന്വിതനായി കഴിയുന്നു. എല്ലാ രംഗങ്ങളിലും അദ്ദേഹത്തില്‍ നിന്നും പല സംഭാവനകളും നമുക്കുപ്രതീക്ഷിക്കാം. ആയുരാരോഗ്യങ്ങള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും യാത്രയാകുമ്പോള്‍ ഉച്ചച്ചൂടിന് ആശ്വാസമായി വൈകുന്നേരത്തെ ഇളംകാറ്റ് വീശുന്നുണ്ടായിരുന്നു.