പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (09/08/2023)

55
0

ഇടതുപക്ഷത്തിന്റെ ഒരു എം.എല്‍.എ ആയിരുന്നിട്ട് പോലും അപമാനിച്ച് കള്ളക്കേസില്‍ കുടുക്കാനും ജീവഹാനി വരുത്തുന്നതിനും വേണ്ടി നടത്തിയ ഗൂഡാലോചനയെന്നാണ് തോമസ് കെ. തോമസ് എം.എല്‍.എ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ എഴുതിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഒരു എം.എല്‍.എയ്ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയിലാണ് സ്തുത്യര്‍ഹ സേവനമാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

എന്‍.സി.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറിനെ ഫോണില്‍ വിളിച്ച് എം.എല്‍.എ എറണാകുളത്തെ മകന്റെ വീട്ടിലേക്ക് തനിയെ വാഹനം ഓടിച്ചു പോകുമ്പോള്‍ പാണ്ടി ലോറി ഇടിപ്പിച്ച് കൊല്ലുമെന്നും ഉപതെരഞ്ഞെടുപ്പില്‍ റെജി ചെറിയാന്‍ മത്സരിക്കുമെന്നും ഭീഷണി സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തില്‍ ആലപ്പുഴ എസ്.പി ജയദേവനോട് നേരിട്ട് പരാതിപ്പെട്ടിട്ടുണ്ട്. എം.എല്‍.എയെ പാണ്ടി ലോറി ഇടിച്ച് കൊലപ്പെടുത്തുമെന്ന ഭീഷണിയെ കുറിച്ച് പരാതി നല്‍കിയിട്ടും അന്വേഷണം മുന്നോട്ട് പോയില്ല. ഡി.ജി.പിക്ക് എം.എല്‍.എ കഴിഞ്ഞ ദിവസം നല്‍കിയ പരാതിയും അതേ എസ്.പിക്കാണ് കൈമാറിയിരിക്കുന്നത്. മുന്‍ പരാതിയിലെ അന്വേഷണം പോലെ തന്നെ ഈ കേസിലെ അന്വേഷണവും അവസാനിക്കുമോയെന്ന ആശങ്കയുണ്ട്. എം.എല്‍.എയെ രണ്ട് തവണയാണ് കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയത്. എം.എല്‍.എ കുട്ടനാട്ടിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ പാടത്തേക്ക് ഇറക്കി മുക്കിക്കൊല്ലാനായിരുന്നു രണ്ടാമത്തെ പദ്ധതി. പാണ്ടി ലോറി ഇടിച്ച് കൊല്ലാന്‍ പദ്ധതിയിട്ടെന്ന പരാതിയില്‍ പൊലീസ് നടപടി എടുക്കാത്തത് കൊണ്ടാണ് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ അക്രമി സംഘം വീണ്ടും ഗൂഡാലോചന നടത്തിയത്.

എം.എല്‍.എയുടേത് പക്വതയില്ലാത്ത ആരോപണമാണെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. ആലപ്പുഴ എസ്.പി പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ കള്ളപ്പരാതിയാണെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണം നടക്കുന്നതിനിടെ ഒരു മന്ത്രി പരാതി വ്യാജമെന്ന് പറയുന്നത് മുഖ്യമന്ത്രി നീതീകരിക്കുന്നുണ്ടോ? തോമസ് കെ. തോമസിന് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം പറയും? എം.എല്‍.എ നല്‍കിയ രണ്ട് പരാതികളെയും പൊലീസ് ഗൗരവതരമായി കാണുന്നില്ല.

കേരളത്തിലെ പൊലീസിന്റെ സ്തുത്യര്‍ഹമായ സേവനത്തെ കുറിച്ച് മുഖ്യമന്ത്രി രണ്ട് തവണയാണ് പറഞ്ഞത്. ആരുടെയും മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കുമെന്നാണ് പറയുന്നത്. കോഴിക്കോട് ജില്ലയിലെ എം.എല്‍.എയായിരുന്ന ജോര്‍ജ് എം. തോമസ് പോക്‌സോ കേസിലെ പ്രതിയെ മാറ്റാന്‍ പണം വാങ്ങി പൊലീസിനെ സ്വാധീനിച്ചെന്ന ആരോപണം വന്നപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പൊലീസ്? അന്ന് നിങ്ങളുടെ പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയുമായി. തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പെണ്‍കുട്ടിയുടെ ആരോപണം വന്നപ്പോള്‍ പാര്‍ട്ടി നടപടി എടുത്താല്‍ മതിയോ? പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയുമായി മാറിയ മൂന്ന് ഡസനിലധികം സംഭവങ്ങള്‍ കേരളത്തിലുണ്ട്. സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച പരാതികള്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ കയ്യില്‍ കിട്ടിയാല്‍ പാര്‍ട്ടിയാണ് നടപടി എടുക്കുന്നത്. ഇതൊക്കെ പാര്‍ട്ടിയില്‍ തീര്‍ക്കാനുള്ളതാണോ? പിന്നെ എന്തിനാണ് ഇങ്ങനെയൊരു പൊലീസ്? ഈ പൊലീസിനെ കുറിച്ചാണോ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്? ഇത് വിശ്വസിക്കാന്‍ പറ്റില്ല. നിങ്ങളുടെ പൊലീസ് മുഖം നോക്കിയാണ് നടപടി എടുക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും പൂര്‍ണമായും സംരക്ഷിക്കും. ആ പൊലീസാണ് ഈ പാവം എം.എല്‍.എയ്ക്ക് നേരെയുണ്ടായ വധശ്രമത്തെ കുറിച്ച് അന്വേഷിക്കുന്നതെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല.

വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ പ്രതിപക്ഷ നേതാവിനെ തടസപ്പെടുത്താന്‍ ഇന്നലെ ട്രഷറി ബെഞ്ചിനെയാണ് ചുമതലപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് ബാക്ക് ബെഞ്ചേഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.