പ്രതിദിനം 270 മെട്രിക് ടണ്‍ ഓക്‌സിജനുമായി ഇന്ത്യന്‍ ഓയില്‍

564
0

മെഡിക്കല്‍ ഓക്‌സിജന്റെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്‌സിലെ മോണോ എത്തിലിന്‍ ഗ്ലൈക്കോള്‍ (എംഇജി) പ്ലാന്റാണ് ഓക്‌സിജന്‍ ഉല്പാദന യൂണിറ്റായി മാറ്റിയത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രതിദിനം 270 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇന്ത്യന്‍ ഓയില്‍ എത്തിക്കുന്നത്.

17 മെട്രിക് ടണ്‍ ശേഷിയുള്ള 14 എല്‍എന്‍ജി ടാങ്കറുകള്‍ ഓക്‌സിജന്‍ ടാങ്കറുകളായി മാറ്റിയിട്ടുണ്ട്. മേയ് മധ്യത്തോടെ 20 റോഡ് ടാങ്കറുകളും 25 ഐഎസ്ഒ കണ്ടെയ്‌നറുകളും ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കും. ഇതിന്റെ മൊത്തം ശേഷി 820 മെട്രിക് ടണ്ണാണ്. അടുത്ത ആറുമാസത്തിനുള്ളില്‍, നാസിക്കിലെ ക്രയോജനിക് പ്ലാന്റില്‍ 10 ക്രയോജനിക് റോഡ് ടാങ്കറുകള്‍ നിര്‍മ്മിക്കും.

മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍, ഇന്ത്യന്‍ ഓയില്‍, സഞ്ജീവനി എക്‌സ്പ്രസ് എന്ന ഏകജാലക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം ഓരോ നിമിഷവും മോണിട്ടര്‍ ചെയ്യാന്‍ ഇതുവഴി കഴിയും. ഓക്‌സിജന്‍ ലഭ്യത, വിതരണം എന്നിവ നിരീക്ഷിക്കാന്‍ ഗതാഗത മന്ത്രാലയം, എണ്ണ കമ്പനികള്‍, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഈ ആപ് വഴി സാധിക്കും.

ഇന്ത്യന്‍ ഓയിലിന്റെ കൊറോണ മുന്‍നിര പോരാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍, എല്‍പിജി ഡെലിവറി ബോയ്‌സ്, കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും പരിരക്ഷ ഉണ്ട്.

300 കോടി രൂപയാണ് മഹാമാരിക്കെതിരെ ഇന്ത്യന്‍ ഓയില്‍ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്‌റ്റോറേജിനും ട്രാന്‍സ്‌പോര്‍ട്ടേഷനും ഉള്ള കോള്‍ഡ് ചെയിന്‍ സംവിധാനം ജമ്മു കാശ്മീര്‍, തമിഴ്‌നാട്, ബീഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഐഒസി ലഭ്യമാക്കിയിട്ടുണ്ട്.