പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതപരിഹാരം വേണം-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

144
0

കല്ലിയൂരിലെ ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദർശിച്ചു

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ വില്ലേജിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പമാണ് കേരളത്തിന്റെ മനസെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറമേ 20ൽ അധികം സംസ്ഥാനങ്ങളിലാണ് ഈ സീസണിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ആശങ്കാകുലരാണ്. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിലും അതീവശ്രദ്ധവേണമെന്നതാണ് പ്രകൃതിദുരന്തങ്ങൾ ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്ലിയൂർ എം.എൻ.എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. എ.വിൻസെന്റ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ മറ്റ് ജനപ്രതിനിധികൾ എന്നിവരും ഗവർണർക്കൊപ്പമുണ്ടായിരുന്നു.