പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 8.33 % മിനിമം ബോണസ്- മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

180
0

സംസ്ഥാന സര്‍ക്കാര്‍ ഭൂരിപക്ഷം ഷെയറുകളും കൈവശം വച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് 8.33% മിനിമം ബോണസ് നല്‍കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി (സ.ഉ.അച്ചടി.നം 61/2021 തൊഴില്‍,തീയതി 05.06.2021). എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികള്‍ക്ക് അനുസൃതമായി ബോണസ് നല്‍കണം. 8.33 % കൂടുതല്‍ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖാ സ്ഥാപനങ്ങള്‍ 2020-21 -ലെ വരവ് ചെലവ് കണക്കിന്റെ ഓഡിറ്റ് പൂര്‍ത്തീകരിച്ചിരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ തൊട്ടുമുമ്പുള്ള ഏതെങ്കിലും അഞ്ച് അക്കൗണ്ടിംഗ് വര്‍ഷത്തിലൊന്നില്‍ ഉല്‍പ്പാദനം ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മിനിമം ബോണസ് അനുവദിക്കാം. ഒരു വര്‍ഷം കുറഞ്ഞത് 30 പ്രവര്‍ത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ജീവനക്കാര്‍ക്കാണ് ബോണസിന് അര്‍ഹത.
2020-21 വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ പെയ്മെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം കൃത്യമായും ബോണസ് നല്‍കണം. പെയ്മെന്റ് ഓഫ് ബോണസ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കുറഞ്ഞ ബോണസില്‍ അധികരിച്ച ബോണസ് നല്‍കുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, പെയ്മെന്റ് ഓഫ് ബോണസ് ആക്ടിലെ സെക്ഷന്‍ 11 അനുസരിച്ച് ബോണസിന്റെ പരിധി 20% ല്‍ അധികരിക്കരുതെന്ന വ്യവസ്ഥ പാലിക്കേണ്ടതാണ്. തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും എന്നാല്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ്, പ്രവര്‍ത്തന മൂലധന സഹായം തുടങ്ങിയ ബജറ്ററി സപ്പോര്‍ട്ട് ഉപയോഗപ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം ഉണ്ടാക്കിയിട്ടുള്ള അഥവാ സ്ഥാപനത്തിന്റെ മൊത്തം ആസ്തി 31.03.2021-ല്‍ നെഗറ്റീവ് ആയിട്ടുള്ളതോ ആയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബോണസ് 8.33% ല്‍ പരിമിതപ്പെടുത്തണം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം ഉണ്ടായ സ്ഥാപനങ്ങള്‍ പെയ്മെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം അര്‍ഹതപ്പെട്ട ബോണസ് 8.33% അധികരിച്ച് അനുവദിക്കാന്‍ പാടില്ല. നാളിതുവരെ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ള പെയ്മെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ ബോണസ് അനുവദിക്കണം. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് ബോണസിന് അര്‍ഹത.
കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാനപ്രകാരമുള്ള ബോണസ് അനുവദിക്കണം.
24,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന പ്രത്യേക ഉത്സവബത്ത ഒഴികെ ബോണസോ എക്സഗ്രേഷ്യയോ ഇന്‍സന്റിവ് ആനുകൂല്യങ്ങളോ മറ്റേതെങ്കിലും പേരിലുള്ള ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ പാടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള ലംഘനത്തിന് ബന്ധപ്പെട്ട സ്ഥാപനത്തിലെ മേധാവിയും സ്ഥാപനങ്ങളിലെ ധനകാര്യ വിഭാഗം മേധാവിയും വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
തൊഴില്‍ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ക്കുന്ന ‘ത്രികക്ഷി സമ്മേളന’ ത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ കൈക്കൊള്ളുന്ന ബോണസ് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം നേടിയ ശേഷം മാത്രം നടപ്പാക്കേണ്ടതാണ്. മന്ത്രിസഭയുടെ അംഗീകാരം നേടാതെ നല്‍കുന്ന അധിക ആനുകൂല്യങ്ങള്‍ യാതൊരു സാഹചര്യത്തിലും സാധൂകരിക്കപ്പെടുകയില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നല്‍കുന്ന അധിക തുക ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുന്നതാണ്.
എക്സ്ഗ്രേഷ്യാ, പെര്‍ഫോര്‍മന്‍സ് ലിങ്ക്ഡ് ഇന്‍സെന്റിവ്, ഇന്‍സെന്റിവ്, ഫെസ്റ്റിവല്‍ ഗിഫ്റ്റ് തുടങ്ങി ഏതു പേരില്‍ വിവക്ഷിക്കപ്പെട്ടാലും മാര്‍ഗ്ഗരേഖയിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ബോണസിന്റെ പരിധി നിജപ്പെടുത്തണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ്, എക്സ്ഗ്രേഷ്യ, പെര്‍ഫോമന്‍സ് – ലിങ്ക്ഡ് ഇന്‍സന്റീവ്, ഇന്‍സന്റീവ്, ഫെസ്റ്റിവല്‍ ഗിഫ്റ്റ് മുതലായവ അനുവദിക്കുന്നത് 2019-2020- ലെ തുകയില്‍ അധികരിക്കാന്‍ പാടില്ല. ബോണസ് നിശ്ചയിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ കുറവാകുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ബോണസ് തുക തന്നെ ഇപ്രാവശ്യവും നല്‍കേണ്ടതാണ്. ബോണസ് തുക കഴിഞ്ഞ വര്‍ഷം നല്‍കിയ തുകയില്‍ അധികരിക്കാന്‍ പാടില്ല.