പുനർഗേഹം പദ്ധതി: പുനരധിവാസം ഉറപ്പായത് 5534 കുടുംബങ്ങൾക്ക്കൈമാറിയത് 390 ഫ്ലാറ്റുകൾനിർമാണം പൂർത്തിയാക്കിയ ഫ്‌ളാറ്റുകൾ 944

57
0

പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 5,534 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുവാൻ കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ആകെ അടങ്കൽ തുക 2,450 കോടി രൂപയാണ്.

2020-ൽ ആരംഭിച്ച പുനർഗേഹം പദ്ധതി പ്രകാരം നിലവിൽ അപ്പീൽ അപേക്ഷകൾ ഉൾപ്പെടെ 21,220 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 8,743 കുടുംബങ്ങൾ മാത്രമാണ് സുരക്ഷിത മേഖലയിൽ മാറി താമസിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. മാറി താമസിക്കുവാൻ സന്നദ്ധത അറിയിച്ചതിൽ 4,200 കുടുംബങ്ങൾ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുകയും 3,472 കുടുംബങ്ങൾ ഭൂമി രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഭവന നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. പുനർഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ കാരോട്, ബീമാപള്ളി, മലപ്പുറം ജില്ലയിൽ പൊന്നാനി, കൊല്ലം ജില്ലയിൽ ക്യു.എസ്.എസ്. കോളനി എന്നിവിടങ്ങളിലായി 390 ഫ്ലാറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിലെ മണ്ണംപുറം, തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, മലപ്പുറം ജില്ലയിലെ നിറമരുതൂർ, പൊന്നാനി എന്നിവിടങ്ങളിലും കോഴിക്കോട് വെസ്റ്റ് ഹിൽ, കാസർഗോഡ് കോയിപ്പാടി എന്നിവിടങ്ങളിലുമായി 944 ഫ്ലാറ്റുകളൂടെ നിർമ്മാണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, വലിയതുറ, കടകംപള്ളി, കാരോട് എന്നിവിടങ്ങളായി 312 ഫ്ലാറ്റുകളുടെ നിർമ്മാണത്തിനുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണ് എന്നും ശേഷിക്കുന്നവർക്ക് പുനരധിവാസം ഉറപ്പാക്കാൻ തീരദേശ ജില്ലകളിലായി 76.92 ഏക്കർ ഭൂമി കണ്ടെത്തി നടപടി സ്വീകരിച്ചു വരികയാണ് എന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു.

പദ്ധതിയുടെ സമയബന്ധിതവും സുഗമവുമായ നിർവ്വഹണത്തിനായി പദ്ധതി മാർഗ്ഗരേഖയില്‍ തീരദേശത്ത് നിലവിലിൽ താമസിക്കുന്ന ഭൂമി സ്വന്തം പേരിൽ നിലനിർത്തി കൃഷിക്ക് ഉപയോഗിക്കാവുന്നതാണെന്നും ഗുണഭോക്താവ് ഭൂമിയും വീടും ഒരുമിച്ചു വാങ്ങുന്ന പക്ഷം ഭവനത്തിന്റെ വിസ്തൃതി 400 ചതുരശ്ര അടി മതിയാകും എന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. കൂടാതെ ഗുണഭോക്താവ് ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ രജിസ്ട്രേഷൻ ചാർജും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കിയും സർക്കാർ ഉത്തരവായിട്ടുണ്ട് എന്നും മന്ത്രി സഭയെ അറിയിച്ചു.

തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി നൽകിയ ഭൂമിയിൽ ഉയരും 168 ഫ്‌ളാറ്റുകൾ

മത്സ്യ തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി നൽകിയ ഭൂമിയിൽ 168 ഫ്‌ളാറ്റുകൾ നിർമിക്കുമെന്ന് മന്ത്രി. കടകംപള്ളി വില്ലേജിൽ 2 ഏക്കർ ഭൂമിയാണ് സൊസൈറ്റി വിട്ട് നൽകിയത്. ഇവിടെ ഫ്ലാറ്റ് നിർമിക്കുവാൻ 37.62 കോടി രൂപയുടെ പ്രൊപ്പോസൽ തയ്യാറാക്കി എന്നും അതിന് 2023-24 വർഷത്തെ ബജറ്റ് വിഹിതമായി 20 കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റിവ് സാങ്ഷൻ ലഭിച്ചതായും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

മുട്ടത്തറ ഫ്‌ളാറ്റുകൾ 2024ൽ കൈമാറും
മുട്ടത്തറയിൽ 400 ഫ്ലാറ്റുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2024 സെപ്റ്റംബറിൽ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.