കോവിഡിന് ശേഷം പുനരാരംഭിച്ച ട്രെയിന്‍ സര്‍വ്വീസുകളില്‍ മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകള്‍ നിലനിര്‍ത്തുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷണവ് ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. പുനരാരംഭിച്ച ട്രെയിന്‍ സര്‍വ്വീസുകളില്‍ നിലവിലെ സ്റ്റോപ്പുകള്‍ അനുവദിക്കാത്തതിലുളള ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. ദീര്‍ഘനാളത്തെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. കൊല്ലം – ചെങ്കോട്ട പാസഞ്ചര്‍ സര്‍വ്വീസിന് (ട്രെയിന്‍ നം 56738/56737) ഒറ്റയ്ക്കല്‍, ഇടപ്പാളയം, ആര്യങ്കാവ്, കഴുതുരുട്ടി സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും, കൊല്ലം എഗ്മോര്‍ എക്സ്പ്രസ്സിന് (ട്രെയിന്‍ നം. 06723/06724) കുണ്ടറ, തെന്മല, ആര്യങ്കാവ് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍ സ്റ്റേഷനുകളുടെയും സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുളള ഇതര സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയില്ല. എന്താടിസ്ഥാനത്തിലാണ് പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയെതന്നു വ്യക്തമല്ലായെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചര്‍ച്ചയില്‍ ഉന്നയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സപ്രസിന് (ട്രെയിന്‍ നം.16127/16128) പരവൂരിലും, മാഗ്ലൂര്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്സപ്രസിന് (ട്രെയിന്‍ നം. 16348/16347) പരവൂര്‍ ഉം, മയ്യനാട് ഉം സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ യാത്രക്കാരുടെ സൗകര്യം പരിഗണിക്കാതെയും ജനപ്രതിനിധികളുടെ അഭിപ്രായം തേടാതെയും സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചത് ദുരുദ്ദേശപരമാണ്. എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകള്‍ നിര്‍ത്തിലാക്കിയതെന്ന് ദക്ഷിണ റയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നില്ല. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് മൂലം പ്രത്യക്ഷ സമരം ചെയ്യേണ്ട സാഹചര്യമാണെന്നും എം.പി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. അടിയന്തിരമായി സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുവാനുളള നിര്‍ദ്ദേശം ദക്ഷിണ റയില്‍വേ അധികാരികള്‍ക്കും മധുര തിരുവനന്തപുരം റയില്‍വേ ഡിവിഷനുകള്‍ക്കും നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.