രാജ്യം ഉറ്റുനോക്കുന്ന നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാന്‍ തയ്യാറെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആവശ്യം. ഇതിന് പിന്നാലെയാണ് അനുകൂല നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത.
കെ മുരളീധരന്‍റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് തടസം. കെ മുരളീധരൻ മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കെ മുരളീധരന് വേണ്ടി മാത്രം ഇളവ് അനുവദിച്ചാൽ നിയമസഭയിലേക്ക് മത്സര സന്നദ്ധത അറിയിച്ച മറ്റുള്ളവരുടെ അതൃപ്തിക്കും അത് കാരണമാകും. എന്തായാലും എംപിമാര്‍ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് നാളെ അറിയാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. ഒറ്റഘട്ടമായി നാളെ വൈകീട്ട് പട്ടിക പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.