വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പി സി ജോർജിനെ ഫോർട്ട് പൊലീസിന് കൈമാറും. പി സി ജോർജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ഫോർട്ട് പൊലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സി ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി.ജോർജെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി.ജോർജിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടർന്ന് പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.
വിദ്വേഷ പ്രസംഗക്കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി : അറസ്റ്റിനെ തുടർന്ന് രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ച ജോർജ് നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്