പിങ്ക് പോലീസുദ്യോഗസ്ഥക്കെതിരെ കേസെടുക്കണം .മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

159
0

തിരുവനന്തപുരം :- മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസുദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി.
നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. പരസ്യവിചാരണക്ക് ഇരയായ ജി. ജയചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
എട്ടുവയസ്സുള്ള മകളെയും തന്നെയും പോലീസുദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചതായി പരാതിയിൽ പറയുന്നു. മകളെ കേസിൽ ഉൾപ്പെടുത്തുമെന്നും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. താനും മകളും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതു കൊണ്ടാണ് എതിർകക്ഷി തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു.
എതിർകക്ഷിയിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.