പിഎഫ്ഐ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ മാപ്പ് ചോദിച്ച് സർക്കാർ

81
0

കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിലാണ് നിരുപാധികം ക്ഷമ ചോദിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു നേരിട്ട് ഹാജരായാണ് മാപ്പപേക്ഷിച്ചത്.

പൊതുമുതൽ നശിപ്പിക്കുന്ന സംഭവം ഗൗരവമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടികാട്ടി. പൊതുമുതൽ നശിപ്പിക്കുന്നത് പൊതു താൽപ്പര്യത്തിന് വിരുദ്ധമാണ്, ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിർദ്ദശിച്ചു.  ഇക്കാര്യം ബോധ്യപ്പെടുത്താനാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയോട് കോടതി വ്യക്തമാക്കി. ഹർജി ജനുവരി 17 കോടതി വീണ്ടും പരിഗണിക്കും.