മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാരസമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു തങ്ങൾ. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ ഇടപെടൽ അനുചിതമായിരുന്നു എന്ന് യോഗം വിലയിരുത്തി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി സംസാരിച്ചശേഷം ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. വാർത്താ സമ്മേളനത്തിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ റാഫി പുതിയകടവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.
പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന് കെ ടി ജലീലിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിനെ തകർക്കാൻ എക്കാലത്തും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും l ഈ പ്രതിസന്ധിയെയും പാർട്ടി മറികടക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സക്രിയമായി പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും പുതിയ കർമപദ്ധതികളുമായി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.