പഴയമയുടെ പെരുമകള്‍

714
0

വിജയന്‍ കുമ്പളങ്ങാടിന്റെ പഴയമയുടെ പെരുമകള്‍ എന്ന പുസ്തകത്തിന്
എം.കെ.സാനുവിന്റെ അവതാരിക

ഉരലും ഉലക്കയും പഴയകാലത്ത് നമ്മുടെ വീട്ടുപകരണങ്ങളായിരുന്നു. ഉരലില്‍ നെല്ലുനിറച്ച്, ഉലക്കകൊണ്ട് കുത്തിയാണ് സ്ത്രീകള്‍ ഉമിയില്‍നിന്ന് അരി വേര്‍ തിരിച്ചെടുത്തിരുന്നത്. നെല്ലുകുത്തു ന്ന ആകാഴ്ച അത്യന്തം പ്രൗഢിയുള്ളതായിരുന്നു. നെല്ലുകുത്തി കിട്ടുന്ന അരിക്ക് അതിന്റേതായ രുചിയും പോഷകഗുണവും ഉണ്ടായിരുന്നു. പഴയ തലമുറക്കാരായ ഞങ്ങളുടെ ഓര്‍മ്മയില്‍ മാത്രമേ അതൊക്കെയും ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ ഓര്‍മ്മപോലും ബാക്കിയുണ്ടാവുകയില്ല.
ബാക്കിയുണ്ടാവുകയില്ലെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ശ്രീ വിജയന്‍ കുമ്പളങ്ങാടിന്റെ ഈ രചനയിലൂടെ കടന്നുപോകാന്‍ എനിക്കവസരം കിട്ടിയത്. ഒരൊറ്റ ഇരിപ്പിന്, ഉത്സാഹത്തോടെ,ഇതു ഞാന്‍ വായിച്ചുതീര്‍ത്തു. അത്ര രസപ്രദമായിട്ടാണ് ഗ്രന്ഥകാരന്‍ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
”നാഗരികതയിലേക്കുള്ള കുതിച്ചുചാട്ടത്തിനിടയില്‍ പഴയ കാലത്തേ യും പഴയ ജീവിതരീതിയേയും പാടെ മറക്കുന്നതില്‍ വിഷമം തോന്നുന്ന” ഒരു മനസ്സാണ് ശ്രീ വിജയന്‍ കുമ്പളങ്ങാടിന്റേത്. അദ്ദേഹത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നയാളാണ് ഇതെഴുതുന്ന ഞാനും. അതുകൊണ്ടുകൂടിയായിരിക്കാം, ഈ പുസ്തകം എനിക്ക് അത്രമേല്‍ രസപ്രദമായനുഭവപ്പെട്ടത്.
എന്നാല്‍, ശ്രീ വിജയന്‍ കുമ്പളങ്ങാടിന്റെ രചനാശൈലിയിലാണ് എന്റെ ഹൃദ്യമായ അനുഭവത്തിന്റെ അടിസ്ഥാനകാരണം അടങ്ങിയിരിക്കുന്നതെന്ന വാസ്തവം കൂടി ഇവിടെ പറയേണ്ടതാണ്. കുട്ടികള്‍ക്കിണങ്ങുന്നരീതിയിലാണെഴുതിയിരിക്കുന്നതെങ്കിലും എന്നെപ്പോലെ വൃദ്ധനായ ഒരു വ്യക്തിയേയും ഈ പുസ്തകം ആകര്‍ഷിക്കുന്നു. അതൊരു ചെറിയ കാര്യമല്ല. കുട്ടികളെ ആകര്‍ഷിക്കുന്നതോടൊപ്പം പ്രായമായവരുടെ ആലോചനാശീലം ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഉത്തമമായ ബാലസാഹിത്യകൃതിയുടെ ലക്ഷണം. ശ്രീ വിജയന്‍ കുമ്പളങ്ങാടിന്റെ കൃതികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
പന്ത്രണ്ടു പുസ്തകങ്ങള്‍ ഇതിനകം അദ്ദേഹം പ്രകാശിപ്പിച്ചു കഴിഞ്ഞു. മൂന്നു നോവലുകളും ഒരു ചെറുകഥാ സമാഹാരവും അവയുടെ കൂട്ടത്തിലുണ്ട്. ബാലസാഹിത്യവിഭാഗത്തിലല്ല അവയുടെ സ്ഥാനം. ഗൗരവയുക്തമായ ആ കൃ തികളില്‍ സ്വന്തമായ ജീവിതവീക്ഷണമവലംബിച്ചുകൊണ്ട് മനുഷ്യകഥ ആഖ്യാനം ചെയ്യു ന്ന ഒരെഴുത്തുകാരനെയാണ് നാം കാണുന്നത്. പ്രസിദ്ധമായ പുരാണകഥകള്‍ക്ക് നവീന വ്യാഖ്യാനം നല്കുന്നതിലൂടെ തനതായ ജീവിതദര്‍ശനം അവതരിപ്പിക്കുന്ന വിജയന്‍ കുമ്പളങ്ങാടിനെയാണ് അവയില്‍ നാം കണ്ടുമുട്ടുന്നത്. ആ കഥകള്‍ അനുവാചകരെ രസിപ്പിക്കുക മാത്രമല്ല, ആലോചിപ്പിക്കുകയും ചെയ്യുന്നു.
ഒടുവില്‍പ്പറഞ്ഞ ഗുണങ്ങള്‍ വിജയന്‍ കുമ്പളങ്ങാടിന്റെ എട്ടു ബാലസാഹിത്യകൃതികളിലും ആഹ്ലാദകരമായി സമ്മേളിക്കുന്നു. ബാലമനസ്സുകളില്‍ കൗതുകം ഉണര്‍ത്തുക. ഉണരുന്ന കൗതുകം ഉത്തേജിപ്പിക്കുന്ന രീതിയില്‍ പ്രമേയം അവതരിപ്പിക്കുക- ഇതാണ് അദ്ദേഹത്തിന്റെ രീതി. അതിനുപയോഗിക്കുന്നതോ പള്ളിക്കൂടത്തിന്റെ പശ്ചാത്തലവും!
ബാഹ്യപശ്ചാത്തലമല്ല, ആന്തരികപശ്ചാത്തലമാണ് വിജയന്‍ കുമ്പളങ്ങാട് ആവിഷ്‌കരിക്കുന്നത്. തലമുറകളുടെ ആദര ബഹുമാനങ്ങള്‍ക്കു പാത്രമായ ടീച്ചര്‍ അവരുടെ മുന്‍പില്‍ മന്ത്രിയും പോലീസുദ്യോഗസ്ഥനും നാട്ടുകാരുമെല്ലാം തുല്യരാണ്. സ്‌നേഹത്തിന്റെ ആജ്ഞാസ്വരത്തില്‍ അവര്‍ എല്ലാവരോടും പെരുമാറുന്നു. പഴയകാലത്തെ ശ്രേഷ്ഠമായ ഗുരുശിഷ്യബന്ധത്തിന്റെ ഉദാരഭാവങ്ങള്‍ ആ ചിത്രത്തെ അ ത്യധികം സമാകര്‍ഷകമാക്കുന്നു.
ആകര്‍ഷകമായ ഈ അന്തരീക്ഷത്തിലാണ് മറവിയിലാണ്ടുപോ യഗൃ ഹോപകരണങ്ങളും ചരിത്രാവശിഷ്ടങ്ങളും മറ്റും വിജയന്‍ കുമ്പളങ്ങാട് ഇ വിടെ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍വ്വകാല ജീവിതശൈലികള്‍ അവയിലൂടെ പുനര്‍ജ്ജനിക്കുന്നതായി മുതിര്‍ന്നവര്‍ ക്കനുഭവപ്പെടുന്നു. കുട്ടികള്‍ ക്കോ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിന്മാരും ഏതേതെല്ലാം രീതികളിലാണ് ജീവിച്ചുപോന്നതെ ന്ന് വിസ്മയത്തോടെ കാണുന്നതോടൊപ്പം പ്രകൃതിയുമായിണങ്ങിയും അ ദ്ധ്വാനത്തിന്റെ മഹനീയതയനുഭവിച്ചും ജീവിക്കുന്നതിലെ സ്വച്ഛന്ദമായ സുഖമെന്തെന്ന തിരിച്ചറിവിലേക്ക് ഉണരുകയും ചെയ്യുന്നു.
മലയാളത്തിന് ഇപ്രകാരമൊരു സംഭാവന സമര്‍പ്പിക്കുന്നതിന്റെ പേരില്‍ ശ്രീ വിജയന്‍ കുമ്പളങ്ങാടിനെ നാം അഭിനന്ദിക്കുക. വിശിഷ്ഠമായ രചനകള്‍കൊണ്ട് ഇനിയും അദ്ദേഹം നമ്മെ സമ്പന്നരാക്കട്ടെ.