പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണം – മുഖ്യമന്ത്രി

132
0

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കി മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നല്‍കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും പരാതിപരിഹാര സംവിധാനത്തിന്റെ അവലോകനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതികളില്‍ കൃത്യവും ശരിയുമായ തീരുമാനമാവണം ഉണ്ടാകേണ്ടത്. തീര്‍പ്പാക്കിക്കഴിഞ്ഞ പരാതിയുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് പരാതി സമര്‍പ്പിക്കേണ്ടി വരുന്നത്. അതുകൊണ്ടു പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഓഫീസിലും പൊതുജന പരാതി സംവിധാനത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം. പരാതി സമര്‍പ്പിച്ചവര്‍ക്ക് ഈ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനാകണം. മാസത്തില്‍ ഒരു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വകുപ്പു മേധാവികള്‍ അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ശാശ്വത പരിഹാരമല്ല. പെട്ടെന്നുള്ള ആശ്വാസമായാണ് നല്‍കുന്നത്. അത് സമയബന്ധിതമായി ലഭ്യമാക്കണം. നിലവില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതിയായ രേഖകളും കൃത്യമായ അപേക്ഷകളുമാണെങ്കില്‍ നൂറു മണിക്കൂറിനുള്ളില്‍ തുക ലഭ്യമാക്കാന്‍ നടപടിയെടുക്കണം. വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന പൂര്‍ണ്ണമായ അപേക്ഷകള്‍ മൂന്നു ദിവസത്തിനുള്ളില്‍ താലൂക്ക് ഓഫീസിനു കൈമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതിപരിഹാര സെല്‍ വഴി ലഭ്യമാക്കുന്ന സേവനങ്ങളുടെ സുതാര്യതയെ കുറിച്ചും നടപടിക്രമങ്ങളിലെ വേഗതയെ സംബന്ധിച്ചും ലഭ്യമായ സേവനങ്ങളില്‍ സംതൃപ്തരാണോ എന്നതിനെ സംബന്ധിച്ചും ഗുണഭോക്താക്കളില്‍ നിന്നും പരാതിക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനാണ് റേറ്റിംഗ് സംവിധാനം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന ന്യൂനതകള്‍ അപ്പപ്പോള്‍ പരിഹരിച്ചാല്‍ മാത്രമേ തിരുത്തലുകള്‍ വരുത്തി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനാകൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും പരാതിപരിഹാര സെല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.