പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തകേസിൽ പ്രതികൾക്കുള്ള കുറ്റപത്രത്തിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു.

144
0

പതിനായിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം, 52 പ്രതികൾക്ക് നൽകാനായി വേണ്ടിവരുന്ന പേപ്പറിന്റെ ഉപയോഗം ഒഴിവാക്കാൻ കുറ്റപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് പെൻഡ്രൈവിലാക്കിയാണ് നൽകിയത്.
കുറ്റപത്രത്തിന്റെ 59 പെൻഡ്രൈവുകൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്രതികൾക്ക് പെൻഡ്രൈവിൽ കുറ്റപത്രത്തിന്റെ പകർപ്പ് നൽകുന്നത്.

59 പ്രതികളുള്ള കേസിൽ ഇപ്പോൾ 52 പേർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പ്രതികൾക്ക് എല്ലാവർക്കുമായി കുറ്റപത്രം നൽകിയാൽ അഞ്ചരലക്ഷത്തോളം പേജുകൾ വേണ്ടിവരും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഈ ബുദ്ധിമുട്ട് കോടതിയിൽ ചൂണ്ടിക്കാണിച്ചപ്പോഴാണ് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പെൻഡ്രൈവ് രൂപത്തിൽ കുറ്റപത്രം നൽകാൻ ആവശ്യപ്പെട്ടത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് കുറ്റപത്രം പെൻഡ്രൈവിൽ സമർപ്പിക്കുന്നത്. വെടിക്കെട്ട് അപകടത്തിൽ മരിച്ച 110 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട്, 1658 സാക്ഷികൾ, 750 പരുക്ക് സർട്ടിഫിക്കറ്റുകൾ, 448 തൊണ്ടിമുതലുകൾ, സ്ഫോടക വസ്തുക്കളെക്കുറിച്ചുള്ള സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ട് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയതാണ് കുറ്റപത്രം.