ന്യൂനപക്ഷ സ്‌കോളർഷിപ്പ്

534
0

മത ന്യൂന പക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നൽകുന്ന എന്ന പ്രചരണം തെറ്റെന്ന് എം. എ ബേബി. വിധി നടപ്പാക്കുമെന്ന മന്ത്രി എം. വി ഗോവിന്ദന്റെ നിലപാടിനെ എതിർക്കുന്നതാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വാർത്താസമ്മേളനത്തിൽ എം. വി ഗോവിന്ദന്റെ നിലപാട് തള്ളിയിരുന്നു. ഹൈക്കോടതി വിധിയുടെ വിവിധ വശങ്ങൾ പഠിച്ചതിന് ശേഷം തീരുമാനമെടുക്കും എന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സിപിഐഎമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ഐഎൻഎല്ലും കേരള കോൺഗ്രസ് എമ്മും രണ്ട് അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് എം. എ ബേബിയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം:

ന്യൂനപക്ഷ സ്‌കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്. അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.
കേരളത്തിൽ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്‌കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്‌കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.
കേരളത്തിലെ എൽ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നപ്രശ്‌നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്.