നോർക്കയ്ക്ക് വീണ്ടും ദേശീയ അവാർഡ്

48
0

ഇത്തവണത്തെ പുരസ്ക്കാരം,
ലോക മലയാളികളെ ഒരുമിപ്പിച്ചതിന്
…………………..

ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ് ലഭിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് നോർക്കയെത്തേടി സ്കോച്ച് അവർഡ് എത്തുന്നത്.
സാമൂഹിക നീതിയും ശാക്തീകരണവും വിഭാഗത്തിലെ ഗോള്‍ഡ് കാറ്റഗറിയിലാണ് ഇത്തവണ പുരസ്കാരം. കഴിഞ്ഞ ദിവസം ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സ്‌കോച്ച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാര്‍ പുരസ്കാരം സമ്മാനിച്ചു. നോര്‍ക്ക റൂട്ട്സ് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസര്‍ ഷാജിമോന്‍.ജെ പുരസ്കാരം ഏറ്റുവാങ്ങി. സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയർമാൻ ഗ്രുശരൺ ധഞ്ജൽ,നോര്‍ക്ക റൂട്ട്സ് മാനേജര്‍ ഫിറോസ് ഷാ ആര്‍.എം, തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസിക്ഷേമത്തിന്റെ സമഗ്രമേഖലകളേയും സ്പര്‍ശിക്കുന്നതാണ് നോര്‍ക്കയുടെ പദ്ധതികളെന്നും ഈ കേരളാമാതൃയ്ക്കുളള അംഗീകാരമാണ് പുരസ്കാരമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസത്തിനു മുന്‍പ്, പ്രവാസത്തിന് ഒപ്പം, പ്രവാസത്തിനു ശേഷം എന്നിങ്ങനെ പ്രവാസിക്ഷേമത്തിന് മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകയാക്കാവുന്ന പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കുമുളള അംഗീകാരമാണ് പുരസ്കാരമെന്ന് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.

ലോകത്തുള്ള 182 രാജ്യങ്ങളിൽ ഇന്ന് കേരളീയ പ്രവാസികളുണ്ട്. വൈവിധ്യമാർന്ന ഏകീകരണ, ക്ഷേമ പ്രവർത്തനങ്ങളിലൂടെ പ്രവാസികളെ ഒരുമിപ്പിക്കുന്നതിന് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ നോർക്ക റൂട്ട്സിന് കഴിഞ്ഞു എന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. നോർക്കഗ്ലോബൽ കോൺടാക്റ്റ് സെന്റര്‍, ലോക കേരള സഭ,
ലോക മലയാള കേന്ദ്രം,എൻ.ആർ. കെ. നുഷുറൻസ്,
പ്രവാസി നിയമ സാഹായ സെല്ലുകൾ
തുടങ്ങിയ പദ്ധതികളെല്ലാം പുരസ്കാരം നേടിയെടുക്കാൻ നോര്‍ക്ക റൂട്ട്സിന് സഹായകരമായി. പ്രവാസികൾക്കായി ഇരുപതോളം പദ്ധതികളാണ് നിലവിൽ നോർക്ക നടപ്പാക്കി വരുന്നത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾ നടപ്പാക്കിയതിനാണ് നോർക്ക റൂട്ട്സിന് കഴിഞ്ഞവർഷം സ്കോച്ച് അവാർഡ് ലഭിച്ചത്.