ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ,(മുൻ കേന്ദ്രമന്ത്രി) പി.സി. തോമസ് അയക്കുന്ന നിവേദനം.
കേരളത്തിൻറെ കിഴക്കൻ പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണം വളരെ രൂക്ഷമാണ്. ഒരുപാട് നഷ്ടമാണ് കൃഷിക്കാർക്കും സാധാരണക്കാർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവരുടെ ജീവനും ആരോഗ്യവും മാത്രമല്ല, ധാരാളം കൃഷിയും കാർഷിക വിഭവങ്ങളും നഷ്ടപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലുള്ള കരുവാരകുണ്ട് ഭാഗത്ത് ഷാജി എന്ന ചെറുപ്പക്കാരനെ വനത്തിൽ നിന്ന് ഇറങ്ങി വന്ന കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം അങ്ങേയ്ക്കും അറിയാമല്ലോ. ഇതു സംബന്ധിച്ച് കേരളാ കോൺഗ്രസ് പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ. റ്റി.ഡി.ജോയി എനിക്ക് അയച്ചു തന്ന നിവേദനം ഇതോടൊപ്പം ചേർക്കുന്നുണ്ട്. അതിൽ പറയുന്നതുപോലെ, ധാരാളം ആളുകളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഒരുപാട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷാജിയുടെ കുടുംബത്തെ അടിയന്തരമായി സഹായിക്കണമെന്ന അഭ്യർത്ഥന അങ്ങ് അനുകൂലമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. വളരെ പ്രധാനപ്പെട്ട ഈ ആവശ്യം പരിഗണിച്ചുകൊണ്ട് ഈ കാര്യവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഒരു നല്ല തുടക്കം കുറിക്കണം എന്ന് ഞാൻ ആശംസിക്കുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് വിനയപുരസരം ഞാനും അഭ്യർത്ഥിക്കു.
കൂടാതെ വന്യമൃഗ ആക്രമണം സ്ഥായിയായി തടയുവാനും, നാശനഷ്ടങ്ങൾ ഒഴിവാക്കുവാനും, വേണ്ട നടപടികൾ കൂടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കേന്ദ്ര ഗവൺമെൻറിനേയും ഞാൻ സമീപിക്കുന്നുണ്ട് .
എന്ന് ബഹുമാനപൂർവ്വം,
പി.സി.തോമസ്.