രമ പ്രസന്ന പിഷാരടി
വാക്കുകള്‍ തട്ടിത്തകര്‍ന്നൊഴുകുന്നതിലൊരു
വാക്കിനെ നെഞ്ചില്‍ത്തറച്ചുറഞ്ഞോള്‍ ചിരിക്കുന്നു.
സ്മൃതിതന്നിലക്കാറ്റിലുലഞ്ഞുനിന്നീടുന്ന-
വിധിയെ കൈയാലെടുത്തവളോ ഗര്‍ജ്ജിക്കുന്നു.
ഇരുണ്ട രാവില്‍ നിന്നു പുറത്തേക്കെത്തും വന്യ-
മുഖങ്ങള്‍, നീരാളിക്കൈ, മുള്‍വേലിക്കുരുക്കുകള്‍;
നടപ്പാതയില്‍ മിഴികൊളുത്തി വലിയ്ക്കുന്ന
നിരാശ, കാടിന്‍ കൊടുങ്കാറ്റിന്റെ പ്രകമ്പനം
ഉണരൂ മുഗ്‌ധേ! നിനക്കിവിടെയൊരു പകല്‍
പുലരിത്തോപ്പില്‍ നിന്ന് പകര്‍ന്ന് നുകര്‍ന്നിടാം
ഉണര്‍ന്ന സൂര്യന്‍ രാശി പകര്‍ന്നു ഗണം ചെയ്ത
ദശാകാലത്തില്‍ ഇരുണ്ടടരും ദോഷങ്ങളില്‍-
അഗ്നിഗര്‍ഭങ്ങള്‍ കണ്ട് പരീക്ഷണത്തിന്‍ തീയില്‍
അന്നു നീങ്ങിയ ദേവിയൊരുവള്‍, അതേപോലെ
ഇന്നുമുണ്ടതേ പോലെയാകാശം കണ്ടീടുന്ന
കണ്ണുകള്‍ക്കുള്ളില്‍ മഴക്കാലങ്ങളൊളിപ്പവര്‍
കാലമോടുന്നു കടിഞ്ഞാണുകള്‍ പൊട്ടിത്തീര്‍ന്ന
കാത്തിരിപ്പൊടുങ്ങുന്നു കനലാളുന്നു ചുറ്റും
നോവിന്റെ മുറിപ്പാട്,കരിഞ്ഞുതീരാത്തൊരു-
ജീവരോദനംകേട്ട് നില്‍ക്കുന്ന മൗനത്തിനെ
ഇരുണ്ട സായാഹ്നങ്ങളാവാഹിക്കുന്നു ദൂരെ-
കിളികള്‍ ചേക്കേറുന്ന തളരും സായന്തനം,
വയലില്‍ നിറയുന്നു നോക്കുകുത്തികള്‍,വിണ്ട-
പകലില്‍ തട്ടിത്തൂവിപ്പോകുന്ന സൂര്യാസ്ത്രങ്ങള്‍,
ശരിയും തെറ്റും അതിന്നിടയില്‍ കുരുങ്ങുന്ന-
വസന്തവര്‍ണ്ണങ്ങളും നിശബ്ദം നീങ്ങീടവെ
വരുന്നുണ്ടതാ രണ്ടായ് പകുത്ത ലോകത്തിന്റെ
അതിരില്‍ മുള്‍വേലികള്‍ പണിഞ്ഞ് നീങ്ങുന്നവര്‍
ഭൂമിയെ തിരിവിന്റെ ഉലയില്‍ ചുടുന്നവര്‍
കായലില്‍ തിരക്കോളു പകരാനെത്തുന്നവര്‍
ശിരസ്സില്‍ അഗ്നിക്ഷേത്രം പണിത് തീക്കാറ്റുകള്‍
ഉണര്‍ത്തി വിടുന്നവര്‍ തണലേറ്റിടാത്തവര്‍.
പതിയെ ശബ്ദിക്കുക, പറയുന്നുവോ ഭൂമി
ഇരുണ്ട കാര്‍മേഘങ്ങള്‍ വാക്കില്‍ നിന്നകറ്റുക
ക്ഷമയല്ലയോ സര്‍വംസഹയ്ക്ക് മന്ത്രം പണ്ടേ
ക്ഷമിക്കാനറിയാത്തോര്‍ ഉറഞ്ഞുതുള്ളീടുന്നു.
മനസ്സില്‍,ഹൃദയത്തില്‍ മഞ്ഞുപോല്‍ കുളിരുന്ന
മൃദുസ്വപ്നങ്ങള്‍ പൂവായുണരും സുഷുപ്തിയില്‍
ഒരു ജന്മത്തെയായിരം തീക്കാലത്തെ
ഒരൊറ്റ ദിനത്തിലായൊഴുക്കിക്കളയുവാന്‍
വേനല്‍ പോലെരിയുന്ന കൈകളില്‍ നീയേറ്റുക
സ്‌നേഹസന്ധ്യയെ,മിഴിക്കോണിലെ നീര്‍ത്തുള്ളിയെ;
ആകാശം മേഘാവൃതം,മഴപോലെ കുളിര്‍
അടര്‍ന്ന വാക്കിന്‍ മുന, മുറിഞ്ഞമൂവന്തികള്‍
കണ്ണീരിന്‍ കടല്‍ത്തിരയേറ്റമുണ്ടരികിലായ്
കടലിന്നുപ്പിന്‍ നീറ്റല്‍ മുറിവില്‍ തരിക്കുന്നു.
എങ്കിലും നിനക്കായി സ്ത്രീദിനമതില്‍ പെയ്തു
മണ്ണിനെ നനയിക്കുമെത്രയോ ദുര്യോഗങ്ങള്‍.
മഴപോല്‍ പെയ്തീടിലും, മനസ്സിന്‍ തീക്കാറ്റുകള്‍
മറക്കാനാവത്തവള്‍ നിയുക്തേ നീയല്ലയോ
വരൂ, വന്നിവിടെയീസ്ത്രീദിനാഘോഷത്തിന്റെ
നടയില്‍ നിന്നെത്തേടിയെത്രയാണാശംസകള്‍.
വരൂ,വന്നിവിടെയീവാര്‍ഷികത്തിരിവിന്റെ
പടവില്‍ കൈയേറ്റുകയീപ്പനിനീര്‍ദളങ്ങളെ