- 5 ദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ക്കെതിരെ നടപടി
- 263 വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി
- 108 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി
- 7 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. റോഡില്‍ ഒരു ജീവന്‍പോലും പൊലിയരുതെന്ന ദൃഢനിശ്ചയത്തോടെയാണു സര്‍ക്കാരും ഗതാഗത വകുപ്പും നീങ്ങുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ 1, 2 ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകരമായ രീതിയിലെ ഡ്രൈവിംഗിന് ലൈസന്‍സ് റദ്ദാക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് എടപ്പാളിലെ ഡ്രൈവേഴ്‌സ് ട്രെയിനിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കും. കൂടാതെ റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പരിചരിച്ചതിനു ശേഷമാകും ഡ്രൈവര്‍മാരുടെ ലൈസന്‍സ് പുന:സ്ഥാപിക്കുക. ബസ് ഉടമകളുടെ അസോസിയേഷനും ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകള്‍ ശക്തമാക്കിയതിനെ തുടര്‍ന്നു കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ കണ്ടെത്തി. 75,73,020 രൂപ പിഴ ഈടാക്കി. 263 വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. അപകടകരമായി വാഹനമോടിച്ച 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി. 19 കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. നിരത്തിലിറക്കാന്‍ യോഗ്യമല്ലാത്ത ഏഴ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ പരിശോധനകള്‍ ശക്തമായി തുടരുകയാണ്. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍ മുതലായവ കര്‍ശനമായി പരിശോധിക്കും. വേഗ നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുവാന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. പോലീസിന്റെ സഹായവും സ്വീകരിക്കും. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്തുവാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേര്‍ന്നു പരിശോധന കര്‍ശനമാക്കും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കും. നിരത്തുകള്‍ അപകട രഹിതമാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കാനും ഗതാഗത നിയമങ്ങളെക്കുറിച്ചു ബോധവത്ക്കരിക്കുന്നതിനും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗതാഗത നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പുരോഗമിക്കുകയാണ്. നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ താമസിക്കുകയും എന്നാല്‍ ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷിച്ച് ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. പരിശോധനകള്‍ ശക്തമാക്കിയതോടെ റോഡുകളില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ഡ്രൈവിംഗ് സംസ്‌ക്കാരം മാറിവരും. സര്‍ക്കാരിന്റെയും കോടതിയുടെയും മികച്ച പിന്തുണ വകുപ്പിനു ലഭിക്കുന്നുണ്ട്. മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. വാഹന ഗതാഗതത്തില്‍ കേരളത്തിനെ ഇന്ത്യയ്ക്കു തന്നെ മാതൃകയാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ 1 ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, സെന്‍ട്രല്‍ സോണ്‍ 2 ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി ജെയിംസ്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.