നടന്‍ ദിലീപിന്റെ സുഹൃത്തും ഐടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രെെം ബ്രാഞ്ച് അന്വേഷിക്കും

109
0

സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അന്വേഷണ സംഘം കാണും. സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സഹോദരൻ പരാതി നൽകിയിരുന്നു.

ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് നടത്തിയിരുന്ന സലീഷ് കാറപകടത്തിൽ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് അങ്കമാലി പൊലീസിന് പരാതി നല്‍കിയത്. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.

ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ട്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില് ദിലീപിൻറേയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും.ഉച്ചയ്ക്ക് 1.45-നാണ് ഉപഹർജി പരിഗണിക്കുക. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.