ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: 28 ന് കിക്കോഫ്; ഫൈനല്‍ കോഴിക്കോട്ട്

127
0

തിരുവനന്തപുരം: ഇരുപത്തിയാറാമത് ദേശീയ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌കേരളത്തിലെ 4 വേദികളിലായി 28 ന് ആരംഭിക്കും. കണ്ണൂര്‍ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്‌റ്റേഡിയം, കോഴിക്കോട് ഇ എം എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, കലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റ് ഉദ്ഘാടനം 28 ന് രാവിലെ 9 ന് ഇ എം എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
ഡിസംബര്‍ 9 ന് ഇ എം എസ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ഡിസംബര്‍ ഏഴിന് ഇതേ വേദിയിലാണ് സെമിഫൈനലുകളും. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഡിസംബര്‍ അഞ്ചിന് നാല് വേദികളിലുമായി നടക്കും.
ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത് ആദ്യമാണ്. ഗ്രൂപ്പ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 32 ടീമുകള്‍ 8 ഗ്രൂപ്പുകളിലായി മത്സരിക്കും. ആകെ 55 മത്സരങ്ങള്‍.  
ഗ്രൂപ്പ് ജി യില്‍ മിസോറം, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം. 28 ന് മിസോറമുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. 30 ന് ഉത്തരാഖണ്ഡിനെയും ഡിസംബര്‍ 2 ന് മദ്ധ്യപ്രദേശിനെയും നേരിടും. ഇ എം എസ് സ്‌റ്റേഡിയത്തിലാണ് കേരളം കളിക്കാനിറങ്ങുന്നത്.
നിലവിലെ ജേതാക്കളായ മണിപ്പൂര്‍ ഗ്രൂപ്പ് എയിലും റണ്ണേഴ്‌സ് അപ്പായ ഒഡിഷ ഗ്രൂപ്പ് എഫിലുമാണ്. തമിഴ്‌നാട്, റെയില്‍വേ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ശക്തരായ ടീമുകള്‍. നവംബര്‍ 25 മുതല്‍ ടീമുകള്‍ എത്തിത്തുടങ്ങും.
അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ( എ ഐ എഫ് എഫ്) സംഘം നാല് വേദികളും പരിശോധിച്ചു. വേദികളുടെ നിലവാരത്തില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.