മലയാള സിനിമ -സീരിയൽ നടൻ ഗോവിന്ദപിള്ള കേശവപിളള (ജി.കെ. പിള്ള) അന്തരിച്ചു. 97 വയസായിരുന്നു.
65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവന്ന അദ്ദേഹം ഏതാണ്ട് 325 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം.
സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ചലചിത്ര ലോകത്ത് എത്തി. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. 300 ലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ടെലിവിഷൻ രംഗത്തെയും സജീവ സാന്നിധ്യമായിരുന്നു