തൃശൂരിൽ എസ്.ഐയെ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തു എന്ന് പരാതി.

60
0

സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ. ടി. ആർ. ആമോദിനെ സ്റ്റേഷൻ ഹൗസ് ഓഫീസർ കുടുക്കിയെന്നാണ് പരാതി. ഇത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്പെഷൽ ബ്രാഞ്ചുകളുടെ റിപ്പോർട്ട് വന്നതോടെ നെടുപുഴ സിഐ ടിജി ദിലീപിനെതിരെ തൃശൂർ റേഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.
സേനക്കുള്ളിലെ പ്രശ്നങ്ങളാണ് ഇത്തരത്തിൽ പുറത്ത് വരുന്നത്. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ് ഐ ആമോദ് കഴിഞ്ഞ 30ാം തീയതി അവധിയിലായിരുന്നു. വൈകിട്ട് അഞ്ചരയോടെ വീട്ടിൽ നിന്ന് പോയി ആറ് മണിയോടെ വടൂക്കരയിലുള്ള ചാണപ്പട്ടയിൽ സദാനന്ദൻ എന്ന ആളുടെ കടയുടെ അടുത്ത് നിൽക്കുമ്പോഴാണ് നെടുപുഴ സിഐ ടിജി ദിലീപും ഒരു പൊലീസുകാരനും എത്തി ആ വഴിക്ക് വന്നത്. മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. തൊട്ടടുത്ത് നിന്ന് മദ്യക്കുപ്പിയുടെ ഒരു ഭാ​ഗം കണ്ടെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് വൈദ്യുപരിശോധനക്ക് എത്തിക്കുകയും ചെയ്തു. ഡോക്ടർമാർ ഇയാൾ മദ്യപിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞതിന് ശേഷവും രക്തസാംപിൾ എടുക്കണമെന്ന് നിർ​ദ്ദേശം നൽകി. പിന്നീട് തിരികെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ആമോദിനെ സസ്പെൻഡ് ചെയ്തു. എസ് ഐ യുടെ ഭാര്യയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകിയത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുകയും സിഐക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരന്റെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത് കള്ളക്കേസാണെന്ന് വിവരങ്ങൾ പിന്നീട് പുറത്തുവന്നു. തുടർന്നാണ് ഡിഐജി വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആമോദ് ഇപ്പോഴും സസ്പെൻഷനിലാണ്