തൃക്കാക്കര സാഗരസഭയിലെ സംഘർഷത്തിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. സിപിഐ കൗൺസിലർ എം.ജി ഡിക്‌സൺ, കോൺഗ്രസ് കൗൺസിലർ സി സി വിജു എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അജിത തങ്കപ്പനും, ഇടത് കൗൺസിലർമാരും പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് തൃക്കാക്കര നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പണക്കിഴി വിവാദകാലത്ത് കുത്തിപ്പൊളിച്ച ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. അധ്യക്ഷയുടെ ചേംബർ നന്നാക്കിയതിന് 8000 രൂപ ചെലവായ വിഷയം ചർച്ചയ്‌ക്ക് എടുത്തിരുന്നു. വീഡിയോ ദൃശ്യം കൈവശം ഉണ്ടെന്നും കുത്തിപ്പൊളിച്ചവരിൽ നിന്നും പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നാല് കോൺഗ്രസ് കൗൺസിലർമാർ പ്രതിപക്ഷത്തിന് പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു. അജണ്ട പാസാക്കിയെന്ന് അജിത തങ്കപ്പൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.