തീവണ്ടിയിൽ അഭയംതേടിയ കുടുംബത്തിന് സംരക്ഷണമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

154
0

കൊല്ലം :- സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാത്രി വീട്ടിൽ കഴിയാൻ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയിൽ അഭയം തേടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസേടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലം ജില്ലാകളക്ടറും ജില്ലാപോലീസ് മേധാവിയും വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതിക്ക് പരാഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. പരാതി പരിഹരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇരവിപുരത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന മഞ്ജുവിന്റെയും മക്കളുടെയും ദുരിതത്തിലാണ് കമ്മീഷൻ ഇടപെട്ടത്. അനാഥാലയത്തിൽ വളർന്ന മഞ്ജുവിന് സുനാമി ഫ്ലാറ്റിൽ താമസസuകര്യം ലഭിച്ചപ്പോഴാണ് ചില സാമൂഹികദ്രോഹികൾ വാതിലിൽ മുട്ടിയും വൈദ്യുതി ബന്ധം വിഛേദിച്ചും വീടുകയറി ആക്രമിച്ചും ഇവരെ ഉപദ്രവിക്കാൻ തുടങ്ങിയത്. തുടർന്നാണ് മഞ്ജുവും രണ്ടു കുട്ടികളും തീവണ്ടിയിൽ അഭയം തേടിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.