തീപിടിക്കില്ല

210
0


മനു. എം.ജി


മുന്നോട്ടുള്ള യാത്രയൊരു പദപ്രശ്‌നം.
വിട്ടുപോയ അക്ഷരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍
ചില ഒഴിഞ്ഞ കള്ളികളില്‍
അറിയാതെ ഉത്തരങ്ങള്‍ നിറയും
അവയ്ക്കുള്ള ചോദ്യങ്ങള്‍
കരുതിയിട്ടില്ലെങ്കില്‍,
വഴിയരികിലെ മോഹിപ്പിക്കുന്ന
മായത്തണലുകളില്‍പ്പെട്ട്,
മരംപോലെ നിന്നുലയും.
വഴിതെറ്റിക്കുന്ന ഉടുത്തുകെട്ടുകളില്‍ വീഴാതെ
വാക്കുകളുടെ വസ്ത്രമഴിച്ച്
വഴിതെളിച്ചവര്‍
ലക്ഷ്യത്തിലേക്ക് നടന്നു.
കാറ്റും,മഴയും, വെയിലുമേല്‍ക്കാത്ത വാക്കുകള്‍
ഭാക്ഷയുടെ വീണുടയാത്ത വിഗ്രഹങ്ങള്‍.
സഹസ്രാബ്ദ സാമ്രാജ്യം വാഗ്ദാനം ചെയ്ത്
പുസ്തകങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച
നാസിയുടെ തോക്ക്
കണ്ണടച്ച് തുറക്കും മുന്‍പ്
ആത്മഹത്യയ്ക്കായ് തീ തുപ്പി.
വാക്കുകള്‍ വായുവില്‍ പരന്ന്
തീ പിടിക്കാതെ, തീ പിടിക്കും.