ഡ്രൈവിങ് ലൈസൻസില്ല; മലപ്പുറത്ത് പിഴയൊടുക്കിയത് 2.07 കോടി.

150
0

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ജില്ലയിൽ ഒരുവർഷത്തിനിടെ പിഴയീടാക്കിയത് 2.07 കോടി രൂപ. ഇ-ചലാൻ സംവിധാനം ഏർപ്പെടുത്തിയ 2020 ഓഗസ്റ്റ് മുതൽ 2021 ജൂലായ് വരെയുള്ളതാണിത്.

മറ്റു ജില്ലകളിലെ കേസുകൾ അപേക്ഷിച്ച് വളരെക്കൂടുതലാണിത്. ആകെ കേസുകളിൽ പത്തുശതമാനവും ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ്.

പ്രായപൂർത്തിയാകാത്തവരും ഇക്കൂട്ടത്തിലുണ്ട്. പുതിയ ഗതാഗതനിയമപ്രകാരം വാഹനമുടമയും ഡ്രൈവറും ഒരാളാണെങ്കിൽ 5000 രൂപയാണ് പിഴ. മറ്റൊരാളുടെ വാഹനം ലൈസൻസ് ഇല്ലാത്തയാൾ ഓടിച്ച് പിടിക്കപ്പെട്ടാൽ ഉടമയ്ക്കും ഓടിച്ചയാൾക്കും 5000 വീതം ആകെ 10,000 രൂപയാണ് പിഴയീടാക്കുന്നത്.

വാഹനത്തിനു നിയമാനുസൃതമല്ലാതെ രൂപമാറ്റംവരുത്തിയതിന് ജില്ലയിൽ വാഹനവകുപ്പ് എടുത്തത് 237 കേസുകൾ. ഇത്രയും കേസുകളിലായി 11,85,000 രൂപയാണ് പിഴയിട്ടത്. ഇതിൽ 5,90,000 രൂപ പിഴയടപ്പിച്ചു. ജനുവരി മുതൽ ഓഗസ്റ്റ് പത്തുവരെയുള്ള കണക്കാണിത്.

പ്രധാനമായും സൈലൻസർ, ഹാൻഡിൽ, ഹെഡ്‌ലൈറ്റ്, ടയർ എന്നിവയിൽ മാറ്റംവരുത്തിയതിനാണു നടപടി. ടയറിന് അലോയ്‌വീലുകൾ ആക്കുന്നതിന് തടസ്സമില്ലെങ്കിലും നിർമാതാക്കൾ നിഷ്‌കർഷിക്കുന്നതിൽ കൂടുതൽ വീതിയും മറ്റുമുള്ളവ ഉപയോഗിക്കാൻ പാടില്ല. ഇതു വാഹനത്തിന്റെ ബാലൻസ് അടക്കമുള്ളവയിൽ പ്രശ്‌നങ്ങളുണ്ടാക്കും.

അപകടത്തിനിടയാക്കുമെന്നും അധികൃതർ പറയുന്നു.

വാഹനത്തിനുമുൻപിൽ അധികമായി ബംബർ (ബുൾബാർ) ഘടിപ്പിക്കുന്ന പ്രവണത കൂടിവരുന്നതായി വാഹനവകുപ്പ് അധികൃതർ പറയുന്നു. ഇതു സുപ്രീംകോടതിതന്നെ നിരോധിച്ചതാണ്. വാഹനത്തിന്റെ സുരക്ഷയ്ക്കും ഭംഗിക്കുമായി ബുൾബാർ ഘടിപ്പിക്കുന്നത് മറ്റു വാഹനവുമായോ ആളെയോ ഇടിച്ചുണ്ടാകുന്ന അപകടത്തിന്റെ ആഘാതം കൂട്ടും.

വാഹനത്തിന്റെ നിറത്തിന് പെയിന്റിനു പകരം പ്രത്യേക സ്റ്റിക്കറുകൾ ഉപയോഗിക്കുന്നതും ശരിയല്ല. പെട്ടെന്ന് തീപടരാനുള്ള സാധ്യതയുണ്ട്.