ഡോ: സുജാത എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജിവെച്ചു

594
0

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് പിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകള്‍ ഡോ: സുജാത എംജി സർവകലാശാല സിന്റിക്കേറ്റ് അംഗത്വം രാജിവെച്ചു. വെള്ളാപ്പള്ളി നടേശന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് സുകുമാരൻ നായർ തന്നെ ഇക്കാര്യം അറിയിച്ചത്.സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു, എന്നിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തിയെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ആ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലായ സുകുമാരൻ നായരുടെ മകൾ ഡോ സുജാത കഴിഞ്ഞ ഏഴ് വർഷമായി എംജി സർവകലാശാല സിന്റിക്കേറ്റ് അംഗമാണ്.ആദ്യം യുഡിഎഫ് സർക്കാരാണ് ഡോ സുജാതയെ എംജി സർവകലാശാല സിന്റിക്കേറ്റ് അംഗമായി നിയമിച്ചത്. പിന്നീട് വന്ന ഇടത് സർക്കാർ കാലാവധി പൂർത്തിയായപ്പോൾ വീണ്ടും ഡോ സുജാതയെ വീണ്ടും നോമിനേറ്റ് ചെയ്യുകയായിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു സുജാതയുടെ നിയമനമെന്നും എജുക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് രണ്ട് സർക്കാരുകളും സുജാതയെ നോമിനേറ്റ് ചെയ്തതെന്നുമാണ് സുകുമാരൻ നായരുടെ വിശദീകരണം.നിയമനത്തിന് വേണ്ടി താനോ മകളോ മറ്റാരെങ്കിലുമോ സർക്കാരുകളെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്നും അവരോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും സുകുമാരൻ നായർ പറയുന്നു. ഇതൊരു വിവാദമാകാതിരിക്കാനാണ് കാലാവധി തീരാൻ മൂന്ന് വർഷം ബാക്കിയുണ്ടായിട്ടും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. സിന്റിക്കേറ്റ് അംഗത്വം രാജിവെച്ചുള്ള കത്ത് ബന്ധപ്പെട്ടവർക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.