ഡിവൈഎഫ്‌ഐ പരാതിക്ക് പിന്നാലെ ‘ഭീഷണി’യുമായി അര്‍ജുന്‍ ആയങ്കി; ‘മെയ് ഒന്നിന് കാണാം’ ”സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണ്.
കണ്ണൂര്‍: സംഘടനയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുയെന്ന ഡിവൈഎഫ്‌ഐയുടെ പരാതിക്ക് പിന്നാലെ ഭീഷണി സ്വരത്തില്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നാണ് പരാതിക്ക് പിന്നാലെ അര്‍ജുന്‍ ആയങ്കി പറഞ്ഞത്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംഷാജര്‍ അര്‍ജുനെതിരെ പരാതി നല്‍കിയത്. ”സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാംപെയ്ന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണം.” ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പരാതിയില്‍ പറയുന്നു. സംസ്ഥാന കമ്മിറ്റിയംഗം മനു തോമസാണ് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലെ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്ന് അര്‍ജുന്‍ ആയങ്കി ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍.സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷന്‍ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവാക്കള്‍ക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധന സമ്പാദനം നടത്തുന്നതിന് സ്വര്‍ണ കള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളില്‍ ചേക്കേറുന്ന സ്ഥിതിയാണ്. തൊഴിലില്ലായ്മയെ ചെറുക്കാന്‍ പന്തം കൊളുത്തി പ്രകടനം പോര, മഹാ സമരങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തുകേസുകളിലെ പ്രതികളുമായി കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കലിന് അര്‍ജുന്‍ ആയങ്കിയും സംഘവും ഉപയോഗിച്ച കാര്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി അനുഭാവികളെന്ന തരത്തില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരിടുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഇപ്പോഴും പിന്തുണ ലഭിക്കുന്നുണ്ട്.