ഡിപ്ലോമ ഇൻ യോഗ ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് വിതരണം

184
0

ബഹുമാന്യരെ, സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗ അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. യോഗയെ ഒരു ദർശനം എന്ന നിലയിലും മനസ്സിനെയും ശരീരത്തെയും ഊർജ്ജ സ്ഥലമാക്കി ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യുന്ന ഒരു പ്രായോഗിക പഠന പദ്ധതി എന്ന നിലയിലും അടുത്തറിയാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പ്രാരംഭാസനങ്ങളിൽ തുടങ്ങി സങ്കീർണ്ണമായ ആസന പ്രാണയാമങ്ങളിലൂടെ ക്രമാനുഗതമായി യോഗയെ സ്വാംശീകരിക്കുന്ന തിനുള്ള പഠനബോധന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്ന ത്. അതോടൊപ്പം സ്പോർട്സ് യോഗ കൂടുതൽ പ്രചാരത്തിൽ എത്തിക്കുവാനും ജനകീയ വൽക്കരിക്കുവാനും ശ്രദ്ധ പുലർത്തുന്നു. ജാതി മത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ മതനിരപേക്ഷ യോഗ പരിശീലനപദ്ധതി പരിപോഷിപ്പിക്കുന്നതിനും പ്രാധാന്യം കൊടുക്കുന്നു. പരിശീലനം സിദ്ധിച്ച യോഗ അധ്യാപകരുടെ കുറവ് നികത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഈ പഠന പരിപാടിക്ക് തുടക്കം കുറിച്ചത്. വിസ്തൃത വിദൂര വിദ്യാഭ്യാസ രീതിയിൽ (Open Distance Learning ) ക്രമീകരിച്ചിട്ടുള്ള ഈ പരിപാടിയിൽ സംസ്ഥാനത്താകെ 740 പേർ ആദ്യ ബാച്ചിൽ ചേരുകയും അതിൽ 587 പേർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. യോഗയുടെ ദാർശനികവും പ്രായോഗികവുമായ ജ്ഞാനം ലഭിക്കുന്ന സ്വയം പഠന സഹായികൾക്ക് പുറമേ സമ്പർക്ക ക്ലാസുകൾ ഓൺലൈനായും നേരിട്ടും ലഭ്യമാക്കിയിരിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടി വിജയകരമായി പൂർത്തിയാക്കിയ വരുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 2021ജൂലൈ 29, വ്യാഴാഴ്ച വൈകുന്നേരം 06.30ന് ബഹു . മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നു . ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ഈ പരിപാടിയിൽ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണവും, ബഹുമാനപ്പെട്ട സ്പോർട്സ് വകുപ്പ് മന്ത്രി ശ്രീ. അബ്ദു റഹ്മാൻ മുഖ്യാതിഥിയും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ശ്രീ ജീവൻ ബാബു.കെ ഐഎഎസ്, ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. അശോക് കുമാർ അഗർവാൾ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീമതി. മേഴ്സിക്കുട്ടൻ എന്നിവർ ആശംസകളും അർപ്പിക്കുന്നു. മഹനീയമായ ഈ പരിപാടിയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്തുകൊള്ളുന്നു.