ടെക്നോപാര്‍ക്കിന്റെ സ്ഥലം സ്വകാര്യ ഹോട്ടലിന് നല്‍കിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം

85
0


തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ ഭൂമി സ്വകാര്യ ഹോട്ടലിന് കൈമാറി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ടെക്‌നോപാര്‍ക്ക് അധികൃകര്‍ അറിയിച്ചു. ടെക്നോപാര്‍ക്കിന് സമീപം തെറ്റിയാര്‍ തോടിന് വശത്തായുള്ള അഞ്ചുസെന്റ് ഭൂമി സ്വകാര്യ ഹോട്ടലിന് കൈമാറി എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ടെക്നോപാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള അഞ്ചുസെന്റ് സ്ഥലം ക്യാപിറ്റല്‍ പാര്‍ക്ക് എന്ന ഹോട്ടല്‍ പ്രൊജക്ടിന്റെ പാര്‍ക്കിങ്ങിനായി ലൈസന്‍സ് വ്യവസ്ഥയില്‍ ടെക്നോപാര്‍ക്ക് അധികാരികള്‍ക്ക് എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് നല്‍കുകയും സെപ്റ്റംബര്‍ 28ന് നടന്ന മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ടെക്നോപാര്‍ക്ക് നിശ്ചയിച്ച ഫീസ് ഈടാക്കി ലൈസന്‍സ് നല്‍കാനാകുമെന്ന് ശുപാര്‍ശ നല്‍കുകയുമാണ് ചെയ്തത്. മാനദണ്ഡങ്ങള്‍ ആകെ പരിശോധിച്ച് ടെക്നോപാര്‍ക്കിന് വരുമാനം ലഭിക്കുന്ന ഒരു ലൈസന്‍സ് ആയിട്ടാണ് പ്രസ്തുത കമ്പനിയുമായുള്ള കരാര്‍ ടെക്നോപാര്‍ക്ക് ശുപാര്‍ശ ചെയതത്.
നിലവില്‍ ടെക്നോപാര്‍ക്കിന്റെ ഭൂമി ബാങ്ക്, കഫ്റ്റീരിയ, ഹോട്ടല്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ക്കായി ചെറിയ ലാന്‍ഡ് പാഴ്സലുകള്‍ ലീസ്, ലൈസന്‍സ് വ്യവസ്ഥകളില്‍ നല്‍കിവരുന്നുണ്ട്. വാര്‍ത്തയില്‍ പറഞ്ഞിരുന്ന അഞ്ചുസെന്റ് ഭൂമി തെറ്റിയാര്‍ തോടിന് സമീപത്തായതിനാല്‍ ഈ ഭൂമിയില്‍ നിന്ന് ടെക്നോപാര്‍ക്കിന് നിലവില്‍ യാതൊരു വരുമാനവും ലഭിക്കുന്നില്ല. ഈ സാഹചര്യങ്ങള്‍ ആകെ പരിഗണിച്ചാണ് ടെക്നോപാര്‍ക്കിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിശ്ചിത റേറ്റ് കാര്‍ഡ് നിശ്ചയിച്ച് ഭൂമിയില്‍ യാതൊരു ഉടമസ്ഥാവകാശവും ഹോട്ടലിന് ബാധകമാകാത്ത വിധത്തില്‍ 11 മാസത്തേക്ക് ലൈസന്‍സ് വ്യവസ്ഥയില്‍ നല്‍കാവുന്നതാണ് എന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ടെക്നോപാര്‍ക്കിന്റെ റേറ്റിന് ഹോട്ടലുടമ തയാറാകാത്തതിനാല്‍ പ്രസ്തുത കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല.
ടെക്നോപാര്‍ക്കിലെ ഭൂമി ഐ.ടി വ്യവസായത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് സ്പെയിസും ലീസ്, ലൈസെന്‍സ് വ്യവസ്ഥയിലും നല്‍കി വരുന്ന പതിവുണ്ടെന്നിരിക്കെ ഭൂമി കൈമാറി എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും ടെക്നോപാര്‍ക്കിന്റെ ഖ്യാതി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചമച്ച ഈ വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ടെക്‌നോപാര്‍ക്ക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.