കൊച്ചി: ടൂറിസ്റ്റ് വാഹനങ്ങളുടെ ഉൾവശം കണ്ണഞ്ചിക്കുന്ന ബൾബുകളും അമിത ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ച് നൃത്തവേദിയാക്കാൻ അനുവദിക്കരുതെന്ന് ഹൈകോടതി. ഇത്തരം സംവിധാനങ്ങളുമായി ഓടുന്ന ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും അപകടങ്ങൾക്ക് കാരണമാകുന്നെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി. ജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരത്തിൽ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നൽകാൻ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് ഗതാഗത കമീഷണർക്ക് കോടതി നിർദേശവും നൽകി. വാട്ട്സ് ആപ്പ് നമ്പറുകൾ മാധ്യമങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും നൽകണം. ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ എന്നിവയെക്കുറിച്ച് യൂട്യൂബിലും മറ്റും വരുന്ന വിഡിയോകൾ പരിശോധിക്കണമെന്നും നിർദേശിച്ചു. ശബരിമല തീർഥാടകരുടെ യാത്രാ സുരക്ഷക്ക് വേണ്ടി സേഫ് സോൺ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് ഉത്തരവ്. ഹരജി വീണ്ടും ജൂൺ 28ന് പരിഗണിക്കും.