ഞണ്ടിന്റെ കാലുകളില്‍ ആദ്യത്തെ ജോടി ആഹാരസമ്പാദനത്തിനായി രൂപഭേദം വന്നിട്ടുള്ളവയാണ്. ഇവ ഉപയോഗിച്ചാണ് ഞണ്ടുകള്‍ ഇരയെ പിടിച്ച് വായിലേക്ക് കൊണ്ടുവരുന്നത്. ഇരയെ ചവണപോലുള്ള മുന്‍കാലുകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ച് പുറംതോടില്‍ ഉരച്ച് ചെറുതുണ്ടുകളാക്കും. എന്നിട്ട് വായ്ക്കകത്തേക്ക് വയ്ക്കും. നമ്മുടെ വായയോടുതുല്യമായ ഞണ്ടിന്റെ വായ വെറുമൊരു ദ്വാരം മാത്രമാണ്. രൂപഭേദം വന്ന കാലുകള്‍ തന്നെയാണ് ‘താടിയെല്ലായി’ പ്രവര്‍ത്തിക്കുന്നതും. മേല്‍താടിക്കു പകരം മറ്റൊരു ജോടി കാലുകളുണ്ട്. ഈ പറഞ്ഞവയെ സൂക്ഷ്മ പരിശോധനയില്‍ മാത്രമേ കാണുവാന്‍ കഴിയൂ. അതുകൊണ്ട് ഞണ്ടുകള്‍ കാലുകള്‍കൊണ്ടാണ് ആഹാരം കഴിക്കുന്നതെന്നു പറഞ്ഞാല്‍ വലിയ തെറ്റില്ല. ഇത് ഞണ്ടുകളുടെ മാത്രം പ്രത്യേകതയുമല്ല. ഞണ്ടുകളെപ്പോലെ ക്രസ്റ്റേഷ്യ വിഭാഗത്തില്‍പെട്ടവയാണ് കൊഞ്ചും, ചെമ്മീനും. അവയിലും മുന്‍വശത്തെ കാലുകള്‍ ഭക്ഷണം കഴിക്കുന്നതിനായി രൂപഭേദം വന്നവയാണ്.