ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്നില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

145
0

തിരുവനന്തപുരം: ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകണമെന്ന സർക്കാർ ഉത്തരവ് പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർബെഡ്, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി പൂർണമായി സൗജന്യമാക്കിയത് 2019 ലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് ഗുണം ചെയ്യും. 2014 ലെ ഉത്തരവിൽ 100 യൂണിറ്റ് വരെ വൈദ്യുതി മാത്രമായിരുന്നു സൗജന്യം. 2014 ലെ ഉത്തരവ് ഭേദഗതി ചെയ്താണ് 2019 ൽ ഉത്തരവിറക്കിയത്. എന്നാൽ 2014ലെ ഉത്തരവിനെ കുറിച്ചാണ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും പറയുന്നത്.

ഗാർഹിക ഉപഭോക്താക്കൾക്കാണ് ആനുകൂല്യത്തിന് അർഹത. ബന്ധപ്പെട്ട സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം.രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവൻ നിലനിർത്താൻ അത്യാവശ്യമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 200 രുപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. എന്നാൽ ഉത്തരവ് ബോർഡ് അംഗീകരിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് ആവശ്യമുള്ള കറൻറിന് അമിത ചാർജ് അടയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പരാതിയിൽ പറയുന്നു.