ജീവിതോത്സവം

273
0

വി എച്ച് നിഷാദിന്റെ ജീവിതോത്സവത്തിന് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ അവതാരിക

ചലച്ചിത്രേത്സവങ്ങള്‍ പലതരം ആന്തരികസഞ്ചാരങ്ങളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നു. ലോകത്തിലെ വിവിധ സ്ഥലങ്ങള്‍, അവിടുത്തെ ഭുദൃശ്യങ്ങള്‍, ജീവിതരീതികള്‍, വിശ്വാസങ്ങള്‍, സാമൂഹ്യരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ജീവിതപ്രതിസന്ധികള്‍ വൈകാരികാനുഭവങ്ങള്‍, മുഹൂര്‍ത്തങ്ങള്‍… അങ്ങിനെ പലതിലേക്കും അതു നമ്മെ കൊണ്ടുപോകുന്നു. ഈ പുറംലോകസഞ്ചാരത്തിനൊപ്പം അവനവന്റെ ഉള്ളിലേക്കുള്ള ഒരു സഞ്ചാരവും കൂടയുണ്ടെങ്കിലേ ദൃശ്യങ്ങളിലൂടെയുള്ള ആ യാത്ര പൂര്‍ത്തിയാവുകയുള്ളു. ചില ദൃശ്യങ്ങള്‍- ചില വസ്തുക്കള്‍, ഭൂദൃശ്യങ്ങള്‍, വെളിച്ചത്തിന്റേയും നിഴലിന്റേയും പടുതികള്‍, മുഖങ്ങള്‍/ ശരീരങ്ങള്‍, സന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍, ആംഗ്യങ്ങള്‍, മനോനിലകള്‍, ചലനങ്ങള്‍, നിശ്ചലതകള്‍ – ഇവയ്ക്ക് നമ്മെ ചില സൂക്ഷ്മവും അബോധവും ചിലപ്പോള്‍ നമ്മള്‍ മറന്നുപോയതുമായ ചില ജീവിതസന്ദര്‍ഭങ്ങളെ ഉപരിതലത്തിലേക്കു കൊണ്ടുവരുന്നു. ചിലവ നമ്മുടെ അനുഭവത്തിന്റേയും പ്രതികരണങ്ങളുടേയും പ്രതിഫലനമോ ഇരട്ടിപ്പോ ആകാം. ചിലവ അത്തരമൊരു സന്ദര്‍ഭത്തില്‍ നമ്മള്‍ നഷ്ടപ്പെടുത്തിയ തീവ്രമുഹുര്‍ത്തസാധ്യതയുമാകാം. ചിലത് നമ്മള്‍ തന്നെ കടന്നു പോയ ഒരുനുഭവത്തെ മറ്റൊരു രീതിയില്‍ തിരിച്ചറിയാനും അനുഭവിക്കാനും പ്രേരിപ്പിക്കുന്നു. ചിലത് നമുക്ക് പരിഹരിക്കാനാകാതിരുന്ന ചില വൈകാരിക കുരുക്കുകളെ ഒരൊറ്റയടിക്ക് മിന്നല്‍പോലെ അഴിച്ചെടുക്കുന്നു. ചലച്ചിത്രമേളയില്‍ പങ്കെടുത്തുകൊണ്ടുള്ള സിനിമകാണല്‍ എന്ന ഭൗതികാനുഭവവും ഒന്നുവേറെയാണ്. ഒരാള്‍ തന്റെ സ്വകാര്യതയില്‍ ടെലിവിഷനിലോ കമ്പ്യൂട്ടര്‍ തിരശ്ശീലയിലോ സിനിമ കാ ണുന്നതില്‍നിന്നു വ്യത്യസ്തമാണത്. മേളയില്‍ തന്റെ കൂടെ താനയറിയാത്ത എന്നാല്‍ തന്നെപ്പോലെ പലയിടത്തുനി ന്നും പലയിടങ്ങളില്‍ നിന്നും വന്നെത്തുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ ഭൗതികമായ സാ ന്നിദ്ധ്യം, തോളുരുമ്മല്‍, മണം, പ്രതികരണങ്ങള്‍, നിരാശകള്‍…. അങ്ങിനെ അവ സിനിമകാണ ലിന്റെ ഏറ്റവും പ്രാഥമികവും അടിസ്ഥാനപരവുമായ പൊതുമയുടെ പുനരാ ഘോഷങ്ങളായി മാറുന്നു. ഓരോ തവണ സിനിമ കാണിക്കുമ്പോഴും അപരിചിതരുടെ ഒരു സമൂഹം തിരശീലയ്ക്കുമുന്നി ല്‍ രൂപപ്പെടുന്നുണ്ട്. നേരിട്ടറിയാത്തവരും പല ജാതിവര്‍ഗ്ഗവംശ പ്രദേശങ്ങളില്‍ നിന്നു വരുന്നവരുമാണവര്‍. ആ ദിവസം ആ തിയ്യറ്ററില്‍ കയറാനും അവിടെയുള്ള സിനിമ കാണാനും തീരുമാനിച്ചു എന്നതു മാത്രമേ അവര്‍ തമ്മില്‍ പൊതുവായുള്ളു. പക്ഷെ വെള്ളിത്തിരയിലൂടെ അവര്‍ സഹയാത്രികരും സഹപ്രവര്‍ത്തകരും സഹതാപികളും ആയിത്തീരുന്നു. ക്ഷണികമായ ആ ഭൗതിക അടുപ്പം/ ബന്ധം സിനിമയുടെ ദൈര്‍ഘ്യത്തെ അതിവര്‍ത്തിക്കാനുള്ള സാധ്യത സാധാരണനിലക്ക് കുറവാണ്. എന്നാല്‍ ഒരു ചലച്ചിത്രമേള ഒരു കൂട്ടം സിനിമാപ്രാന്തന്മാരെ ഒരാഴ്ചത്തേക്കെങ്കിലും ഒന്നിച്ചു കൊണ്ടുവരുന്നു. അങ്ങിനെ അവിടെ ക്ഷണികമെങ്കിലും ആഴത്തിലനുഭവപ്പെടുന്ന ഒരു തരം സാഹോദര്യം ഉരുത്തിരിയുന്നു. ഒരേ തരം സിനിമകള്‍ കാണുന്നവര്‍, ചില ജനുസ്സുകളില്‍ മാത്രം താല്പര്യമുള്ളവര്‍, ചിലരുടെ സിനിമകള്‍ മാത്രം പിന്തുടരുന്നവര്‍, തുടങ്ങിയ പലതരം സാഹോദര്യങ്ങള്‍ ഇവിടെ തളിരിടാറുണ്ട്.