ജാതി, മത, ദേശ അതിര്‍വരമ്പുകളില്ലാതെ സംസ്ഥാനത്തെ അവയവദാനം

198
0

ഈ വര്‍ഷം ഇതുവരെ പുതുജീവന്‍ നല്‍കിയത് 16 പേര്‍ക്ക്

ആഗസ്റ്റ് 13 ലോക അവയവദാന ദിനം

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്ഥാനത്തിന്റെ അവയവദാന മേഖലയ്ക്ക് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണവും ചെലവേറിയതും മറ്റ് ശസ്ത്രക്രിയകളില്‍ നിന്ന് വ്യത്യസ്തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്തമായ രീതിയിലാണ് സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രക്രിയ നടക്കുന്നത്. ജാതി, മത, ദേശ, ലിംഗ വ്യത്യാസമോ അതിര്‍വരമ്പുകളോ ഇല്ലാതെയാണ് സംസ്ഥാനത്തെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി വഴി അവയവദാനവും വിന്യാസവും നടത്തിയിരിക്കുന്നത്. അഫ്ഗാന്‍ സ്വദേശിയായ സൈനികന് കൈകളും കസാഖിസ്ഥാനിലെ പെണ്‍കുട്ടിക്ക് ഹൃദയവും നല്‍കി മാതൃക കാട്ടി. അവയവദാന പ്രക്രിയയിലെ മഹത് വ്യക്തികളാണ് അതിന് തയ്യാറായ കുടുംബം. തീരാ ദു:ഖത്തിനിടയിലും പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്മനസ് കാണിച്ച കുടുംബാംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നതായും അവയവ ദാതാക്കളെ സ്മരിക്കുകയും ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ മൃതസജ്ജീവനി പദ്ധതി വഴി 323 പേരിലൂടെ 913 പേര്‍ക്കാണ് മരണാനന്തര അവയവങ്ങള്‍ ദാനം നടത്തിയത്. കോവിഡ് മഹാമാരി കാലത്ത് അവയവദാന പ്രക്രിയയ്ക്ക് നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം 21 പേരിലൂടെ 70 പേര്‍ക്കും ഈ വര്‍ഷം 6 പേരിലൂടെ 16 പേര്‍ക്കുമാണ് പുതുജീവിതം ലഭിച്ചത്.

അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമയുമാക്കുന്നതിനായി കേരള ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റ് സൊസൈറ്റി (കെ-സോട്ടോ) രൂപീകരിക്കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മരണാനന്തര അവയവദാനവും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുവാനാണ് ലക്ഷ്യമിടുന്നത്. അവയവദാന പ്രക്രിയ ഫലപ്രദമായി നിര്‍വഹിക്കുന്ന കെ.എന്‍.ഒ.എസിന്റെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു