ജനറൽ ബിപിൻ റാവത്തിന് അശ്രുപൂജ

149
0

രാജ്യത്തെ സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്തനായ ജനറൽ ബിപിൻ റാവത്തിനിഓർമ്മ. തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുനടന്ന ഹെലികോപ്ടര്‍ അപകടത്തിലാണ് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ ഏറ്റവും നിര്‍ണായകമായ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു സംയുക്ത സൈനിക മേധാവിയെ സംബന്ധിച്ചുള്ളത്. മുമ്പ് പലതവണ നടപ്പിലാക്കാന്‍ തീരുമാനിച്ചതും എന്നാല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയതും ആയ തീരുമാനം അദ്ദേഹം നടപ്പാക്കി. ഈ പദവിയിലേക്ക് 2016 ഡിസംബര്‍ 31 ന് കരസേന മേധാവിയായി ചുമതലയേറ്റ ബിപിന്‍ റാവത്തിനെ തിരഞ്ഞെടുത്തതും മോദിയുടെ മറ്റൊരു ധീരമായ തീരുമാനം ആയിരുന്നു.

1979 ല്‍ ആയിരുന്നു ബിപിന്‍ റാവത്ത് സൈന്യത്തില്‍ ചേരുന്നത്. ഇന്ത്യന്‍ സേനയെ നെഞ്ചിലേറ്റിയ ഒരു കുടുംബത്തില്‍ നിന്നാണ് ബിപിന്‍ റാവത്ത് വരുന്നത്. മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്‌ക്ക് അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്. തലമുറകളായി ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സൈന്യത്തിന്റെ ഭാഗമാണ്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത്ത് ലെഫ്റ്റനന്റ് ജനറല്‍ ആയിരുന്നു. പിതാവിന്റെ യൂണിറ്റ് ആയിരുന്ന 11 ഗൂര്‍ഖ റൈഫിള്‍സില്‍ തന്നെ ആയിരുന്നു ബിപിന്‍ റാവത്തും കമ്മീഷന്‍ ചെയ്യപ്പെട്ടത്. സൈനിക സേവനത്തിനിടെ ഒരുപാട് പുരസ്‌കാരങ്ങളും ബിപിന്‍ റാവത്തിനെ തേടിയെത്തിയിട്ടുണ്ട്. വിശിഷ്ട സേവാ മെഡല്‍, സേവാ മെഡല്‍, യുദ്ധ് സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാ മെഡല്‍, പരം വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം.

ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേർഡ് സ്‌കൂളിലുമാണ് ബിപിൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം, നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ചേർന്നു. അവിടെ അദ്ദേഹത്തിന് ‘സ്വോഡ് ഓഫ് ഓണർ’ ലഭിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പാസായ ശേഷം, 1978 ഡിസംബർ 16-ന് 11 ഗൂർഖ റൈഫിൾസിന്‍റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ കമ്മിഷൻ ചെയ്‌തു. പിതാവ് സേവനമനുഷ്‌ടിച്ച അതേ യൂണിറ്റായിരുന്നു ഇത്.

ഉയര്‍ന്ന മലനിരകളില്‍ നിന്നുള്ള യുദ്ധങ്ങളിലും നുഴഞ്ഞുകയറ്റത്തെ ചെറുക്കുന്ന ഓപ്പറേഷനുകളിലും വിദഗ്ധനായ റാവത്ത് 1986ല്‍ ചൈനീസ് അതിര്‍ത്തിയിലെ ഇന്‍ഫാന്റട്രി ബറ്റാലിയന്റെ മേധാവിയായി ചുമതലയേറ്റു. ഐക്യരാഷ്ട്രസഭയുടെ കോങ്കോ ദൗത്യസേനയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ നടന്ന സുപ്രധാന ക്രോസ് ബോര്‍ഡര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതും ബിപിന്‍ റാവത്ത് ആയിരുന്നു. മണിപ്പൂരിലെ വിഘടനവാദ ഗ്രൂപ്പ് ആയ യുഎന്‍എല്‍എഫ്ഡബ്ല്യുവിന്റെ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി മ്യാന്‍മര്‍ അതിര്‍ത്തികടന്ന് വിഘടനവാദ ഗ്രൂപ്പിനെ തകര്‍ക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. പാരച്യൂട്ട് റെജിമെന്റിലെ 21-ാം ബറ്റാലിയന്‍ ആയിരുന്നു പ്രത്യാക്രമണം.
.

ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്. 2015 ൽ നാഗാലാന്‍ഡില്‍ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് റാവത്ത് അന്ന് രക്ഷപ്പെട്ടത്. . .

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്. ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം നാല് പതിറ്റാണ്ടിലേറെയായി രാജ്യത്തെ സേവിച്ച പരമോന്നത സൈന്യ തലവൻ ഇന്ന് വിടവാങ്ങുമ്പോൾ സംഭവിച്ചിരിക്കുന്നത് സമാനതകളില്ലാത്ത ഒരു അപകടമരണം കൂടിയാണ്