ജനപ്രതിനിധിയോ കഴുകന്മാരുടെ പ്രതിനിധിയോ?

142
0

ആർക്കെങ്കിലും സ്തുതി പാടുന്നതല്ല എന്നത് കൊണ്ട് കടുത്ത സൈബർ ആക്രമണം പ്രതീക്ഷിച്ചു തന്നെയാണ് ഇവിടെ ഈ പോസ്റ്റ് ഇടുന്നത്.
സിപിഎമ്മുകാർ കിഴക്കമ്പലത്തു ദളിത് കോളനിയിലെ സികെ ദ്വീപു എന്ന യുവാവിനെ വീട്ടിൽ കയറി നെഞ്ചിടിച്ചു കലക്കി കൊന്ന അതിനീചമായ സംഭവത്തിൽ നിന്ന് കൈകഴുകാൻ ഒരു നിയമസഭാ സാമാജികൻ കാട്ടുന്ന വെപ്രാളം കണ്ടാണ് ഞാനിത് എഴുതുന്നത്. കൊല്ലപ്പെട്ട വാർത്ത ചരമപേജിലും കൊലപാതകത്തിൽ നിന്ന് എം എൽ എ കൈകഴുകുന്ന വാർത്തകൾ പ്രധാനപേജിലും നൽകി പാർട്ടി പത്രം അതിന്റെ ചരിത്ര നിയോഗം സാക്ഷാത്ക്കരിച്ചതു കൂടി കണ്ടപ്പോൾ പ്രതികരിച്ചേ തീരൂ എന്ന് തോന്നി. .ശ്രീ എം വി ദേവന് വയലാർ അവാർഡ് ലഭിച്ച ‘ദേവസ്പന്ദനം ‘ എന്ന ഗ്രന്ഥത്തിൽ ” ചെറുമന്…..” ഇത് പോരേ എന്ന് അർദ്ധോക്തിയിൽ അവസാനിക്കുന്ന ഒരു ലേഖനം ഉണ്ടെന്നാണ് ഓർമ്മ. അതേ ചെറുമൻ കൊല്ലപ്പെട്ടാൽ പാർട്ടി പത്രത്തിന് ഇത് മതിയാവുമായിരിക്കാം. കിഴക്കമ്പലത്തു ട്വന്റി 20 സംഘടനയും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള സംഘർഷത്തിന്റെ ന്യായാന്യായങ്ങളെ കുറിച്ചൊന്നും ഞാൻ ഇവിടെ പറയുന്നില്ല. എനിക്കറിയുന്ന വിഷയവുമില്ല അത്. പക്ഷെ കേരളത്തിൽ ആദിവാസി മധുവിന് ശേഷം ഒരു യുവാവ് കുടുംബാംഗങ്ങളുടെ കണ്മുന്നിൽ നെഞ്ചിടിച്ചു കലക്കി കൊല്ലപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആകുന്നില്ല.
1948 മേയ് 12 ന് കണ്ണൂർ സെന്ട്രൽ ജയിലിൽ പോലീസുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായി രക്തസാക്ഷിയായ മൊയ്യാരത്തു ശങ്കരൻ എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ കഥ ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിലെ കമ്മ്യുണിസ്റ്റുകാർ ഓർമ്മിപ്പിക്കാറുണ്ട്. നല്ലത്. ആ രക്തസാക്ഷിത്വത്തിന് ഇത്രയും പഴക്കമുണ്ടായിട്ടും കമ്മ്യുണിസ്റ്റ് കാരുടെ ഓർമ്മകളെ ത്രസിപ്പിക്കുന്നത് മൊയ്യാരത്തു ശങ്കരൻ പോലീസ് പിടിയിലായതിന് തൊട്ടുതലേദിവസം വടകരയിൽ ദേശരക്ഷാസമിതി എന്ന കോൺഗ്രസ്സ് പ്രവർത്തകരുടെ സംഘടനയുടെ പൊതിരെ തല്ല് ഏൽക്കേണ്ടിവന്നു എന്നത് കൊണ്ടാണ്. കോൺഗ്രസ്സ് പ്രവർത്തകനായി ജീവിതം ആരംഭിച്ചു കോൺഗ്രസ്സിന്റെ ചരിത്രം എഴുതി പ്രശസ്തനായ മൊയ്യാരത്തു ശങ്കരൻ പിൽക്കാലത്ത് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പ്രവർത്തകനും ജീവിതാവസാനം കമ്മ്യുണിസ്റ്റുമായി മാറി. മൊയ്യാരത്തു ശങ്കരനെ, ഫാസിസ്റ്റ് ജയിലിൽ കിടന്ന് രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ കമ്യുണിസ്റ്റ് പാർട്ടി സ്ഥാപകൻ ആന്റോണിയൊ ഗ്രാംഷി യോടാണ് പ്രകാശ് കാരാട്ട് 2018 ജൂണിൽ എഴുതിയ ലേഖനത്തിൽ ഉപമിച്ചത്. അതേ കാരാട്ടിന്റെ സഹ പ്രവർത്തകർ കിഴക്കമ്പലത്തു ദളിത് കോളനിയിൽ ജീവഭയത്തിൽ കഴിഞ്ഞിരുന്ന സികെ ദ്വീപുവിനെ ഫാസിസ്റ്റ് ശൈലിയിൽ നെഞ്ചിടിച്ചു കലക്കി രക്തം തുപ്പിച്ചു കൊന്നത് അമ്പരപ്പിക്കുന്നതാണ്.
“സിപിഎം കാർ മർദ്ദിച്ച ട്വൻറി 20 പ്രവർത്തകൻ മരിച്ചു ” എന്നൊരു വാർത്ത ഭരണകക്ഷിയുടെ പത്രത്തിൽ ഒഴികെ ഇന്ന് പ്രാധാന്യത്തോടെ ഒന്നാം പേജിൽ കാണാനിടയായത് അതിന്റെ പ്രാധാന്യം കൊണ്ട് തന്നെയാവും. ഈ അസാധാരണ വാർത്ത പാർട്ടിപത്രത്തിൽ ചരമ കോളത്തിൽ ഉണ്ട്. അതേസമയം പാർട്ടി പത്രത്തിൽ ഇതുസംബന്ധിച്ച മറ്റ് രണ്ട് വാർത്തകൾ കൂടി പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്.ഒന്ന് ഈ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണം നിഷേധിക്കുന്ന പ്രാദേശിക എം എൽ എ പി വി ശ്രീജന്റെ പ്രസ്താവനയാണ്. രണ്ട്, ഈ എം എൽ എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തു അംഗം പുത്തൻകുരിശ് സ്വദേശി റെസീനക്ക് എതിരെ പോലീസ് എടുത്ത അപകീർത്തികേസ് ആണ്. ഇതാണ് ചിത്രത്തിൻറെ ഒരുവശം.
എം എൽ എ മാധ്യമങ്ങളോട് പറഞ്ഞത്‌ കൂടി കാണുക.:” ഇയാൾ മർദ്ദനമേറ്റാണ് പരിക്ക് ഉണ്ടായതെന്ന് ” ആശുപത്രിയിൽ പൊലീസിന് മൊഴികൊടുത്തപ്പോൾ പറഞ്ഞിരുന്നതായി തോന്നുന്നില്ല!” എന്താ പോരെ? ഈ ജനപ്രതിനിധി ജനങ്ങളുടെ പ്രതിനിധിയോ,അതോ കഴുകന്മാരുടെ പ്രതിനിധിയോ? ഇങ്ങിനെ ഒരു ജനപ്രതിനിധിയെ ഓർത്ത് കേരളത്തിലെ 140 ജനപ്രതിനി ധികളും ലജ്ജിക്കണം! ശരീരത്തിൽ നിന്ന് ജീവൻ വെടിഞ്ഞു കൊണ്ടിരിക്കുമ്പോഴെങ്കിലും സി കെ ദ്വീപു അലമുറ ഇട്ടുകൊണ്ടിരിക്കണമായിരുന്നു “മർദ്ദിച്ചേ മർദ്ദിച്ചേ മർദ്ദിച്ചേ ……..” എന്ന് ! അല്ലേ എം എൽ എ ? നിങ്ങളുടെ ഹൃദയം കല്ലുകൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത്? കാരാട്ട് ഇറ്റലിയിലെ ഫാസിസ്റ്റ് ജയിലിൽ രക്തസാക്ഷിയായ ഗ്രാംഷി യോട് ഉപമിച്ച മൊയ്യാരത്ത് ശങ്കരൻ കണ്ണൂർ ജയിലിൽ മരിച്ചപ്പോൾ, കോൺഗ്രസ്സുകാരും പോലീസും മർദ്ദിച്ചാണ് തന്നെ കൊന്നതെന്ന് എവിടെയെങ്കിലും എഴുതിവെച്ചിരുന്നോ എന്നോ ആരെങ്കിലും മൊഴികൊടുത്തിരുന്നോ എന്നോ ആരും ചോദിക്കരുത്. ആ രണ്ട് പേരുകളും ഈ ജനപ്രതിനിധി കേട്ടിരിക്കാൻ തന്നെ ഇടയില്ല .
ജീവഭയത്താൽ വീട്ടിനുള്ളിൽ ഒളിച്ചിരുന്ന ദ്വീപുവിനെ കിഴക്കമ്പലം കാവുങ്കപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്‌മാൻ അടക്കമുള്ള സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത് . നാലു സിപിഎം കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊയ്യാരത്തു ശങ്കരൻ കൊല്ലപ്പെടുമ്പോൾ കോൺഗ്രസ്സ് ആയിരുന്നു ഭരണത്തിൽ. ദളിത്‌ കോളനിയിൽ സ്വന്തം വീട്ടിൽ ഭയന്ന് ജീവിച്ച ദ്വീപു കൊല്ലപ്പെടുമ്പോൾ കമ്മ്യുണിസ്റ്റുകാരാണ് ഭരണത്തിൽ. ഇവിടെ ചരിത്രം ഒരു വൃത്തം പൂർത്തിയാകുന്നു. മൊയ്യാരത്തു ശങ്കരൻ കൊല്ലപ്പെടുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എങ്കിലും അധികാരം കയ്യിൽകിട്ടിയപ്പപ്പോൾ എന്തൊക്കെയാണ് കോൺഗ്രസ്സ് ചെയ്തുകൂട്ടിയതെന്ന് ചരിത്രരേഖകളിൽ നിന്ന് പഠിച്ചു. ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിൽ എന്തൊക്കെ നടന്നു എന്ന് ഒരു ഗ്രാംഷി യിലൂടെ പ്രകാശ് കാരാട്ടിനെ പോലുള്ളവർ പഠിപ്പിച്ചു. ഇപ്പോൾ ദളിത് കോളനിയിലെ ദ്വീപു എന്ന യുവാവിനെ നെഞ്ച് ഇടിച്ചു കലക്കി കൊന്നപ്പോൾ ഒരു വരി സഹതപിക്കാൻ ഗ്രാംഷിയുടെയും മൊയ്യാരത്ത് ശങ്കരന്റെയും പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്നവർ ഇല്ല! മനസാക്ഷി ഇല്ലാത്തവർ ചെങ്കൊടി പിടിക്കുന്നു.