ഗവര്‍ണര്‍ മാത്രമല്ല, കേരളവും തലതാഴ്ത്തിഃ കെ.സുധാകരന്‍ എംപി

113
0

സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ്ചാന്‍സലര്‍മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിനു മുമ്പില്‍ തലകുനിച്ചതെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

വെളിയില്‍ നിന്ന് ആരോ സര്‍വകാലാശാലയുടെ കാര്യങ്ങളില്‍ ഇടപെട്ടു എന്ന ചാന്‍സലറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണ്. ചാന്‍സലറുടെ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ കഴിവുള്ള അതിശക്തന്‍ ആരാണെന്ന് ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സംശയ നിഴലിലായതിനാല്‍ അദ്ദേഹവും നിലപാട് വ്യക്തമാക്കേണ്ടി വരും.

അതിപ്രഗത്ഭന്മാരയ മുന്‍ കേന്ദ്രമന്ത്രി ഡോ. ജോണ്‍ മത്തായി, ഡോ. സാമുവല്‍ മത്തായി, യുജിസി ചെയര്‍മാന്‍ ആയ ഡോ ജോര്‍ജ് ജേക്കബ്, ഡോ ജയകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരിരുന്ന കേരള സര്‍വകലാശാലാ വിസി കസേരയിലാണ് നാലക്ഷരം കൂട്ടിയെഴുതാന്‍ കഴിവില്ലാത്തയാളെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്.

സര്‍വകലാശാലകളില്‍ പ്രഫസര്‍മാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യതയും വ്യാപമായ ചര്‍ച്ചാവിഷയമാണ്. ഉന്നതനിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നാലാംകിട അധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി. സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് തീറെഴുതിയാണ് ഇപ്പോളത്തെ ദുരവസ്ഥത്ക്ക് കാരണം. സര്‍വകലാശാലാ ഭരണം പാര്‍ട്ടിയും സിപിഎം അധ്യാപക സംഘടനകളും ഏറ്റെടുത്തു.

മന്ത്രി പി രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വകലാശാലയില്‍ നിയമനം,മുന്‍എംപി പികെ ബിജുവിന്റെ ഭാര്യയക്ക് കേരള സര്‍വകലാശാലയില്‍ നിയമനം,സ്പീക്കര്‍ എംബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം,എംഎല്‍എ എഎന്‍ ഷംസീറിന്റെ ഭാര്യയെ കാലിക്കട്ട് സര്‍വകലാശാലയില്‍ നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ പ്രഫസറായി നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമത്. ഈ നിയമനം ക്രമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ശൂരനാട് കുഞ്ഞന്‍ പിള്ളയെപ്പോലെ അതിപ്രഗത്ഭര്‍ ഇരുന്ന മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെപ്ഷല്‍ ഓഫീസര്‍ ആര്‍ മോഹനന്റെ ഭാര്യയെ പ്രതിമാസം രണ്ടര ലക്ഷം രൂപ പ്രതിഫലംനല്കി നിയമിച്ചു. മലയാളം പോലും അറിയാത്ത സംസ്‌കൃതം അധ്യാപികയാണിവര്‍. ഈ രീതിയിലാണ് സര്‍ക്കാര്‍ സര്‍വകലാശാലകളിലെ അധ്യാപക നിയമനം നടത്തുന്നത്. ഇത്തരം പിന്‍വാതില്‍ നിയമനത്തിലൂടെ അധ്യാപകരാവുന്നവര്‍ക്ക് അക്കാദമിക് തലത്തില്‍ പഠിപ്പിക്കാനുള്ള എന്ത് യോഗ്യതയും നിവാരവും ഉണ്ടാകുമെന്നത് ചിന്തിക്കാവുന്നതെ ഉള്ളൂയെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ അഴിമതിയും സ്വജനപക്ഷപാതവും ഇത്രയും നാള്‍ കൊടികുത്തി വാണിട്ടും ഗവര്‍ണര്‍ നിശബ്ദത പാലിച്ചതാണ് അതിശയകരം. ഗവര്‍ണറും ഇതിലെ കൂട്ടുകക്ഷിയാണെന്നു ജനങ്ങള്‍ ചിന്തിക്കുന്നു. ഗവര്‍ണ്ണര്‍ക്ക് പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തേടാതെ ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുകയാണ്.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്ന ധര്‍മ്മമാണ് പ്രതിപക്ഷം നിറവേറ്റുന്നത്.അത് സര്‍ക്കാരിന്റെ ഭാഗത്തായാലും ഗവര്‍ണറുടെ ഭാഗത്തായാലും ചെയ്യുക തന്നെ ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.